കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അയർക്കുന്നം പഞ്ചായത്തിന് പുറമേ അകലക്കുന്നം പഞ്ചായത്തിലും വൻ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
യുഡിഎഫിൻ്റെ ശക്തി കേന്ദ്രവും ഉമ്മൻ ചാണ്ടിക്കൊപ്പം എന്നും നിന്നിരുന്ന അയർക്കുന്നം പഞ്ചായത്തിന് പിന്നാലെ സമീപ പഞ്ചായത്തായ അകലക്കുന്നത്തും ചാണ്ടി ഉമ്മൻ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
ഒരു ബൂത്തിൽ പോലും വ്യക്തമായ മേൽകൈ നേടാൻ ഇടതുമുന്നണി സ്ഥാനാർഥിയായ ജെയ്ക് സി തോമസിനായില്ല. അകലക്കുന്നത്തെ മിക്ക ബൂത്തുകളിലും ചാണ്ടി ഉമ്മനൊപ്പമായിരുന്നു.
കൂരോപ്പടയിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോഴും ചാണ്ടി ഉമ്മൻ തന്നെയായിരുന്നു മുന്നിൽ. ഇതോടെ 2021ൽ ഉമ്മൻ ചാണ്ടി നേടിയ ലീഡ് നിലകളാണ് മാറിമറിഞ്ഞത്.
അയർക്കുന്നം പഞ്ചായത്തിലെ ബൂത്തുകളിൽ നേട്ടമുണ്ടാക്കിയതിന് പിന്നാലെ അകലക്കുന്നം പഞ്ചായത്തിലെ ബൂത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്.
വോട്ടെണ്ണൽ നാലാം റൗണ്ട് എത്തിയപ്പോൾ തന്നെ പതിനോരായിരം വോട്ടിന് മുന്നിലെത്തിയിരുന്നു.അതേസമയം, പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിച്ചാൽ അത് ലോകാത്ഭുതമെന്ന് സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു.
ആദ്യ ഫലസൂചനകൾ എൽഡിഎഫിൻ്റെ ആണിക്കല് ഇളക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സർക്കാരിന് എതിരെയുള്ള താക്കീതാണെന്നും ചെന്നിത്തല പറഞ്ഞു.