കാൻസർ രോഗിയുടെ വീട് നിർമാണം: പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങിയത് 10,000 രൂപ; നടുറോഡിലിട്ട് പിടികൂടി

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ 10,000 രൂപയുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി.

കാറിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേൽ സ്വദേശി വിജി ഗോപകുമാറിനെ (50) യാണ് വെള്ളനാട് നിന്ന് 10 കിലോമീറ്റർ അകലെ കാട്ടാക്കട ജംഗ്ഷനിൽവെച്ച് പിന്തുടർന്ന് പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പി അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗോപകുമാറിനെ അറസ്റ്റ് ചെയ്തു. വിജിലൻസിൻ്റെ പരിശോധനയിൽ 20,000ത്തോളം രൂപയും കാറിൽനിന്നു കണ്ടെടുത്തു.

വെള്ളനാട് മുണ്ടേല സ്വദേശിയും കാൻസർ രോഗിയുമായ വീട്ടമ്മയ്ക്ക് ലൈഫ് പദ്ധതിപ്രകാരം കിട്ടിയ വീട് നിർമാണത്തിനുവേണ്ടി വസ്തുവിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധു നൽകിയ അപേക്ഷയിലാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്.

വിജിലൻസ് സംഘം പരാതിക്കാരന് നൽകിയ 10,000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് ചൊവാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മുണ്ടേലയ്ക്കടുത്ത് കാറിനുള്ളിൽവെച്ചു കൈമാറി.

തുടർന്ന് വിജിലൻസ് സംഘം പഞ്ചായത്ത് സെക്രട്ടറി സഞ്ചരിച്ച കാറിനെ പിന്തുടർന്നു.കാട്ടാക്കട ജംഗ്ഷനിൽനിന്നു നെയ്യാർ ഡാമിലേയ്ക്ക് തിരിയുന്ന ഭാഗത്തുവെച്ച് വിജിലൻസ് സംഘം ഗോപകുമാർ സഞ്ചരിച്ച കാർ തടയുകയായിരുന്നു.

കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കൈമാറിയ അഞ്ഞൂറിൻ്റെ നോട്ടുകളും കണ്ടെത്തി. ഇതിൽ 10,000 രൂപ വിജിലൻസ് നൽകിയതും ബാക്കി തുക അല്ലാതെയും കണ്ടെത്തിയതാണ്.

വെള്ളനാട് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയ നെടുമങ്ങാട് സ്വദേശിയായ ഉണ്ണികൃഷ്ണനെ അപേക്ഷയ്ക്ക് പരിഹാരം കാണാതെ ഗോപകുമാർ നിരവധി തവണ വട്ടം ചുറ്റിക്കുകയായിരുന്നു.

തുടർന്ന് കൈക്കൂലി നൽകാതെ അപേക്ഷയ്ക്ക് പരിഹാരം കിട്ടില്ലെന്ന് വന്നതോടെയാണ് യുവാവ് വിജിലൻസിനെ സമീപിച്ചത്.

ഒടുവിൽ വിജിലൻസ് ഇയാളെ നിരീക്ഷിക്കുകയും തുടർന്ന് കെണിയിലാക്കുകയുമായിരുന്നു. രാത്രി വൈകിയും ചെറ്റച്ചലിള്ള ഇയാളുടെ വീട്ടിൽ സംഘം പരിശോധന നടത്തി.

Related posts

Leave a Comment