ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രം; ബില്‍ അവതരിപ്പിച്ച്‌ അമിത് ഷാ

ന്യുഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലനില്‍ക്കുന്ന ഐപിസി, സിആര്‍പിസി ക്രിമിനല്‍ നിയമങ്ങള്‍ പൊഴിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)ബില്‍, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബിഎന്‍എന്‍എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ക്രിമിനല്‍ പ്രൊസിജ്യര്‍ ആക്ടര്‍, 1898, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് 1872 എന്നിവയ്ക്ക് പകരമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്.

ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും നീതി വേഗത്തില്‍ നടപ്പാക്കുന്നതിനുമാണ് ഈ പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറഞ്ഞൂ.

നിയമങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ നല്‍കുന്നതിനു പകരം ഭാരതീയ വത്കരിക്കുന്ന പേരുകളാണ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രാജ്യദ്രോഹ കുറ്റം പൊളിച്ചെഴുതുന്നതാണ് ബിഎന്‍എസ്. ആള്‍ക്കൂട്ട ആക്രമണം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗം എന്നിവയ്ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ ബില്‍ പറയുന്നു.

പെറ്റി കേസുകളില്‍ ആദ്യം ശിക്ഷ ലഭിക്കുന്നയാള്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കാനാണ് വ്യവസ്ഥ.

ഭിന്നിപ്പിക്കല്‍, സായുധ കലാപം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഘടന പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ പുതിയ കുറ്റകൃത്യമായി ബില്ലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

Related posts

Leave a Comment