തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേ വിമര്‍ശനം കൂടുന്നു.
ഷംസീര്‍ വിശ്വാസികളോട് മാപ്പു പറഞ്ഞ് സ്ഥാനം ഒഴിയണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാണ് ബാധ്യതയെന്നും പറഞ്ഞു. ഏത് സാഹചര്യത്തിലായാലും ന്യായീകരിക്കാനാവുന്ന പരാമര്‍ശമായിരുന്നില്ല അതെന്നും പറഞ്ഞു.
ഒരു സ്പീക്കര്‍ക്ക് യോജിച്ച നടപടിയല്ല ഇതെന്നും ഷംസീന്റ പരാമര്‍ശം അതിരുകടന്നെന്നും എന്‍എസ്‌എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്.
അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’ ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചെന്ന വിവാദത്തിലാണ് എന്‍എസ്‌എസിന്റെ പ്രതികരണം.
യുക്തി ചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹിന്ദു വിശ്വാസത്തെയും സംസ്‌ക്കാരത്തെയും അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
ഒരു മതവിശ്വാസി മറ്റൊരു മതത്തെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നത് വര്‍ഗീയതയാണെന്നും ബിജെപി പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ ഷംസീറിനെതിരെ വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സ്പീക്കറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. ഷംസീറിനെതിരേ ഹിന്ദു സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്‌എസ്‌എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിമര്‍ശനവുമായി എത്തിയിരുന്നു.