കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊമ്മന്‍കുത്തില്‍ കണ്ടെത്തി; നാടുവിട്ടത് ഭാര്യയെ പേടിച്ച്‌

ഇടുക്കി: പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെയാണ് നൗഷാദിന്റെ തിരോധാനം വിവാദമായത്.

തൊടുപുഴ തൊമ്മന്‍കുന്ന് കുഴിമറ്റം ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. പോലീസിനൊപ്പം സന്തോഷവാനായാണ് നൗഷാദ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്.

പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തൊമ്മന്‍കുത്തില്‍ പറമ്ബിലെ ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. ഭാര്യയെ ഉപേക്ഷിച്ചുപോയതാണ്.

ഭാര്യയുമായി ചില വഴക്കുകളുണ്ടായിരുന്നു. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നു. അവരെ പേടിച്ചാണ് അവിടെ നിന്നുപോയത്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല.

ഇനി ഭാര്യയുടെ അടുക്കലേക്ക് പോകുന്നില്ലെന്നും നൗഷാദ് പറയുന്നു.

മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. നാടുവിട്ട ശേഷം ആരെയും വിളിച്ചിട്ടില്ല. മദ്യപിച്ച്‌ വഴക്കിട്ടിട്ടില്ല. ഭാര്യ നാട്ടുകാരെയും മറ്റു ചിലരേയും വിളിച്ചുകൊണ്ടുവന്ന് തന്നെ മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ ആരാണെന്ന് അറിയില്ല.

അതോടെയാണ് നാടുവിട്ടത്. ഇതുവരെ വീട്ടുകാര്‍ ആരും ബന്ധപ്പെട്ടിട്ടില്ല. മുന്‍പരിചയത്തിന്റെ പേരിലാണ് ഇവിടെ ജോലിക്കു വന്നതെന്നൂം നൗഷാദ് പറഞ്ഞു.

നൗഷാദിനെ കാണാനില്ലെന്ന് പോലീസ് മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഒരാള്‍ പോലീസിനെ വിളിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

ഡിഎൈസ്പി ഓഫീസിലെ പോലീസുകാരനായ ജയ്‌മോന്‍ ആണ് തൊമ്മന്‍കുത്ത് ഭാഗത്തുനിന്ന് ഇന്നലെ വൈകിട്ട് എത്തി നൗഷാദിനെ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

കുഴിമറ്റം ഭാഗത്ത് നൗഷാദിനോട് സാദൃശ്യമുള്ള ആളുണ്ടെന്ന് വിവരം കിട്ടിയതോടെ ഇന്നലെ അവിടെയെത്തി വിവരം തിരക്കുകയായിരുന്നുവെന്ന് കണ്ടെത്തിയ ജയ്‌മോന്‍ പറഞ്ഞു.

പറമ്ബിന്റെ ഉടമസ്ഥര്‍ വിവരം സ്ഥിരീകരിച്ചു. സ്ഥലത്തെത്തി ചോദിച്ചപ്പോള്‍ നൗഷാദ് താന്‍ തന്നെയാണെന്ന് അറിയിച്ചു. കുറച്ചുനാളായി അവിടെ താമസിച്ചു ജോലി ചെയ്യുകയായിരുന്നു.

പോലീസ് തുടര്‍ന്ന് ഡിവൈഎസ്്പി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍ ആയതിനാല്‍ അവിടെനിന്നുള്ള പോലീസ് എത്തി നൗഷാദിനെ കൂട്ടിക്കൊണ്ടുപോകും.

ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. പിതാവ് നല്‍കിയ മിസ്സിംഗ് കേസില്‍ ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തപ്പോള്‍ അടൂരില്‍ വച്ച്‌ കണ്ടിരുന്നുവെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ നൗഷാദ് കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയങ്ങള്‍ തോന്നിയതോടെ ഇവരെ വീണ്ടും ചോദ്യം ചെയ്തു.

നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതിനെ തുടര്‍ന്ന് അവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പല തവണ മൊഴിമാറ്റിയതോടെ പോലീസ് കുഴപ്പത്തിലായി.

അഫ്‌സാന പറഞ്ഞ സ്ഥലത്തെല്ലാം പോലീസ് കുഴിയെടുത്ത് പരിശോധിച്ചു. മടുത്ത് പോലീസ് തന്നെ തിരച്ചില്‍ നിര്‍ത്തി. ഒടുവില്‍ അഫ്സാനയെ അറസ്റ്റു ചെയ്തു റിമാന്‍ഡില്‍ വയ്ക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ, ‘നൗഷാദ് എന്നെങ്കിലും തന്റെ അടുക്കല്‍ വരുമെന്ന്’ അഫ്‌സാന പറഞ്ഞതോടെ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന സംശയം പോലീസിന് ബലപ്പെട്ടു. ഇതോടെ ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

നൗഷാദിനെ കണ്ടെത്തിയതോടെ കൊലപാതകക്കേസ് ഒഴിവാക്കുമെങ്കിലും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതില്‍ കേസ് തുടരും.

Related posts

Leave a Comment