ലോക് ഡൗണ്‍ കാലത്ത് ഇതരസംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ശ്രമിക് തീവണ്ടികള്‍ ഓടും; സ്‌റ്റേഷനില്‍ ആര്‍ക്കും ടിക്കറ്റ് നല്‍കില്ല; യാത്രാനുമതി നല്‍കുക സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രം; കേരളത്തിനും കിട്ടും കൂടുതല്‍ ശ്രമിക് തീവണ്ടികള്‍; സാമൂഹിക അകലമെന്ന മാനദണ്ഡം കിറുകൃത്യമായി പാലിച്ച്‌ അതിഥി തൊഴിലാളികള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

ന്യൂഡല്‍ഹി: കൊറോണയില്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികള്‍ വരും ദിവസങ്ങലില്‍ ഓടും. ശ്രമിക് എന്ന പേരിലെ നോണ്‍ സ്‌റ്റോപ് സര്‍വ്വീസുകള്‍ മെയ്‌ 17 വരെ സര്‍വ്വീസ് നടത്തുമെന്നാണ് സൂചന. എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്ന തരത്തില്‍ സര്‍വ്വീസുകളുണ്ടാകും. നിലവില്‍ ആറ് ശ്രമിക് തീവണ്ടികളാണ് ഇന്നലെ വരെ ഓടിച്ചത്. വരും ദിവസങ്ങളില്‍ എണ്ണം കൂട്ടും.

ഒരു പാടു പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ലോക് ഡൗണ്‍ കാലത്ത് തീവണ്ടികള്‍ ഓടിക്കാനുള്ള കേന്ദ്ര തീരുമാനം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം പരിഗണിച്ച്‌ മാത്രമാകും ഇത്തരത്തിലുള്ള തീവണ്ടികള്‍ ഓടിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും യാത്ര. 20-മുതല്‍ 24 കോച്ചുകള്‍ വരെ തീവണ്ടിയിലുണ്ടാകും. 72 യാത്രക്കാര്‍ക്ക് പോകാന്‍ കഴിയുന്ന സ്ലീപ്പര്‍ കോച്ചുകളില്‍ 54 പേര്‍ക്ക് പോകാം. എല്ലാ സംസ്ഥാനങ്ങളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളില്‍ എത്താനും നോഡല്‍ ഓഫീസര്‍മാരേയും റെയില്‍വേ നിയോഗിച്ചിട്ടുണ്ട്.

റെയില്‍വേ സ്‌റ്റേഷനുകളില്‍ ടിക്കറ്റുകള്‍ നല്‍കില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ടിക്കറ്റുള്ളവര്‍ക്കാരും തീവണ്ടിയില്‍ യാത്ര. സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി അനുമതി പത്രം നല്‍കുന്നവര്‍ക്ക് മാത്രമേ പ്രത്യേക തീവണ്ടികളില്‍ യാത്രാ അനുമതി ഉണ്ടാവുകയുള്ളൂ. അതീവ രഹസ്യമായാണ് ആദ്യ തീവണ്ടി ഓടിച്ചത്. ഹൈദരാബാദിലെ ക്യാമ്ബുകളിലുള്ള 1225 പേരുമായി ഝാര്‍ഖണ്ഡിലേക്കായിരുന്നു ആദ്യ വണ്ടിയുടെ യാത്ര. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും അടക്കം ചുരുക്കം പേര്‍ മാത്രമാണ് ഇതേ കുറിച്ച്‌ അറിഞ്ഞത്. വലിയ സുരക്ഷയും ഒരുക്കി. തുടര്‍ന്ന് കേരളത്തിനും ട്രെയിന്‍ കിട്ടി.

കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ് സൂചന. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മാത്രമായിരിക്കും കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍. വരും ദിവസങ്ങളില്‍ ഒഡീഷ, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ ട്രെയ്‌നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുന്‍കരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.

വെള്ളിയാഴ്ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. തൊഴിലാളികളെ രജിസ്ട്രേഷന്‍ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച്‌ ജില്ലകളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവര്‍, കുടുംബമായി താമസിക്കുന്നവര്‍ എന്നിങ്ങനെ മുന്‍ഗണനാക്രമത്തിലാകും രജിസ്റ്റര്‍ ചെയ്തവരെ കൊണ്ടുപോവുക.

കേരളത്തില്‍ നിന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 10 മണിയോടെ ആലുവയില്‍ നിന്ന് ആദ്യ തീവണ്ടി ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. 1140 അതിഥി തൊഴിലാളികളാണ് ആദ്യ ട്രെയിനിലുള്ളത്. ആലുവയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ള തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറില്‍ മാത്രമേ നിര്‍ത്തൂ. ഇന്ന് രണ്ട് തീവണ്ടികള്‍ കൂടി എറണാകുളത്തു നിന്നും പുറപ്പെടുന്നുണ്ട്. സൗത്ത് റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്‌നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ പുറപ്പെടുക.

ആദ്യ ട്രെയിനില്‍ യാത്രതിരിച്ചവരില്‍ ഏറെയും പെരുമ്ബാവൂരില്‍ നിന്നുള്ളവരായിരുന്നു. യാത്രയ്ക്ക് മുന്‍പായി വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 40 ബസുകളിലായി കൃത്യമായ അകലംപാലിച്ചാണ് ഇവരെ ആലുവ സ്റ്റേഷനില്‍ എത്തിച്ചത്. സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെയെല്ലാം കൃത്യമായ കണക്ക് തൊഴില്‍വകുപ്പിന്റെ കൈയിലുണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരെല്ലാം വളരെ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Related posts

Leave a Comment