ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് പ്രസ്താവന നടത്തും.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും അമിത് ഷാ പ്രസ്താവന നടത്തുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികള്‍ സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ പസ്താവന ഉണ്ടാകാത്ത സാഹചര്യത്തില്‍ സഭാ നടപടികള്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്.
വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എന്‍.കെ. പ്രമേചന്ദ്രന് എംപി ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിഷയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ടെന്നും മണിപ്പുര്‍ വിഷയം ഏതു ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കര്‍ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ കലാപം നടന്ന് രണ്ടുമാസം പിന്നിട്ട ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റിന് പുറത്തുവെച്ച് ആദ്യമായി പ്രതികരിച്ചിരുന്നു.
ഇന്ത്യയെ നാണം കെടുത്തിയ സംഭവമാണ് മണിപ്പൂരില്‍ നടന്നതെന്നും സ്ത്രീകളെ അപമാനിച്ച ആരേയും വെറുതേവിടില്ലെന്നും മണിപ്പുരില്‍ നടന്ന സംഭവങ്ങള്‍ 140 കോടി ജനങ്ങളും തലകുനിക്കേണ്ടിവന്ന സംഭവം മനസ്സില്‍ വേദനയും രോഷവും നിറയ്ക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.
മേയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യമായി പ്രതികരണം നടത്തിയത് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുന്നതിന്റെയൂം
കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങള്‍ ഉണ്ടായെന്ന പരാമര്‍ശത്തോടെയാണ് പ്രതികരണം നടത്തിയതും.