തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് എത്തിയത് നേരത്തോട് നേരം പിന്നിട്ട്. വിലാപയാത്ര ആദ്യ 100 കിലോമീറ്റർ പിന്നിടാൻ എടുത്തത് 17 മണിക്കൂർ സമയമാണ്.
ഇന്നലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും ഏഴേകാലിന് തുടങ്ങിയ വിലാപയാത്ര ഇന്ന് 8.30 ഓടെയാണ് ചിങ്ങവനത്ത് എത്തിയത്. ഇന്ന് രണ്ട് മണി മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പുലർച്ചെ 5.30ഓടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ അർധരാത്രിയിലും കത്തിച്ച മെഴുകുതിരിയുമായി പാതയോരത്ത് കാത്തുനിന്നത് ആയിരക്കണക്കിന് ആളുകളാണ്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധിയും നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് വിലാപയാത്ര എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. രാത്രി എട്ടരയോടെ പത്തനംതിട്ട ജില്ലയിലേക്കും കടന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് പത്തനംതിട്ട പന്തളത്ത് വിലാപയാത്ര എത്തിയത്.
ഇവിടേയും നിരവധി ജനങ്ങളാണ് പ്രിയനേതാവിനെ ഒരു നോക്ക് കാണുന്നതിന് വേണ്ടി കാത്തുനിന്നിരുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജനത്തിരക്ക് കാരണം വൈകുകയായിരുന്നു.
ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ നിന്നും പുതുപ്പള്ളി കവലയ്ക്ക് സമീപം നിർമിക്കുന്ന പുതിയ വീട്ടിൽ എത്തിക്കും. 12 മണിയോെ സംസ്കാര ശുശ്രൂഷകൾ തുടങ്ങും.
ഒരുമണിക്ക് വിലാപയാത്രയായി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് പോകും.3.30 വരെ പള്ളിമുറ്റത്തുള്ള പന്തലിൽ പൊതുദർശനം നടത്തും.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. പ്രത്യേക കല്ലറയിലാകും കബറടക്കം നടത്തുക.
തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് മുറ്റത്ത് അനുശോചന യോഗം ചേരും.