തിരുവനന്തപുരം: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെ പ്രചരണപരിപാടി ഇന്ന് തുടങ്ങാനിരിക്കെ സിപിഎം കേന്ദ്രക്കമ്മറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.
ജയരാജന്‍ പങ്കെടുക്കില്ല. വൈകിട്ട് കോഴിക്കോട് ട്രേഡ് സെന്ററില്‍ നടത്തുന്ന സെമിനാറോടെയാണ് സിപിഎം പ്രചരണം തുടങ്ങുന്നത്. അതേസമയം പാര്‍ട്ടിയുടെ വലിയ പരിപാടി എന്ന നിലയില്‍ ജയരാജന്റെ അഭാവം ശ്രദ്ധേയമാകും.
കണ്ണൂരും കോഴിക്കോടും പിന്നിട്ട് തിരുവനന്തപുരത്തായിരിക്കും ഇ.പി. ജയരാജന്‍ ഈ സമയത്ത്. ഡിവൈഎഫ്‌ഐ യുടെ സ്‌നേഹവീട് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ പേരിലാണ് ജയരാജന്‍ സെമിനാറില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. അടുത്ത കാലത്ത് സിപിഎം നേതൃത്വവുമായി അതൃപ്തിയാലാണ് ഇ പി ജയരാജന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ പല പരിപാടികളും ഇ.പി. ഒഴിവാക്കിയിരുന്നു.
പാര്‍ട്ടി നേതൃയോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിലും സജീവമായി പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാര്‍ട്ടിയുടെ നേതൃയോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.
ആയുര്‍വേദ ചികിത്സയാണ് ഇതിന് ന്യായീകരണമായി പറഞ്ഞിരുന്നത്. നേരത്തേ പി ജയരാജന്‍ ഇ.പി.യ്ക്ക് എതിരേ ഉന്നയിച്ച റിസോര്‍ട്ട് വിവാദം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഈ നിസ്സഹകരണ നിലപാട് തുടരുന്നത് മുന്നണിയ്ക്കുള്ളില്‍ വലിയ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.
എല്‍ഡിഎഫ് യോഗം വിളിക്കാത്തതിലും സര്‍ക്കാര്‍ എടുക്കുന്ന ചില നിര്‍ണ്ണായക തീരുമാനത്തില്‍ കൂടിയാലോചനകള്‍ ഇല്ലാതെ പോകുന്നതും എല്‍ഡിഎഫിനെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
സിപിഎം നേതൃത്വവുമായി ഇ പി ജയരാജനുള്ള വിയോജിപ്പ് പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സിപിഐ അടക്കം ഘടകക്ഷികള്‍ക്കും അഭിപ്രായമുണ്ട്.
അതേസമയം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം വിവിധ മത സാമുദായിക നേതാക്കളും സെമിനാറിനെത്തുന്നുണ്ട്.
നേരത്തേ മുസ്‌ളീംലീഗിന്റെ സമസ്തയെ സെമിനാറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് മുസ്‌ളീംലീഗ് തീരുമാനം എടുത്തിട്ടുണ്ട്.
ബി.ഡി.ജെ.എസ്. പ്രതിനിധി പങ്കെടുക്കുന്നുണ്ട്. ഇ.പി.യുടെ അഭാവം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ചൊടിപ്പിച്ചിരിക്കുകയാണ്.
സിപിഎം നടത്തുന്ന പരിപാടിയില്‍ എല്‍ഡിഎഫ് കണ്‍വീനറിന് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.