യമുനയിലെ ജലം സുപ്രീം കോടതിവരെയെത്തി, രാജ്ഘട്ടും വെള്ളത്തിൽ: അമിത് ഷായെ വിളിച്ച് മോദി

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഇന്ന് പുലർച്ചെ 6 മണിയുടെ ഉയർന്നു 208.46 മീറ്റർ എത്തി. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെ എത്തി.

സുപ്രീം കോടതിക്ക് സമീപത്തെ ഓട നിറഞ്ഞ് കവിഞ്ഞതാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത്. രാജ്ഘട്ടിലും വെള്ളം കയറി. ഔദ്യോഗിക വിവരം അനുസരിച്ച് പ്രശ്നബാധിത മേഖലകളിൽ നിന്ന് വ്യാഴാഴ്ച മാത്രം 23,692 പേരെ മാറ്റിപാർപ്പിച്ചു.

വീടുകൾക്ക് പുറമെ ആശുപത്രികൾ, ഷെൽട്ടർ ഹോമുകൾ, ശ്മശാനങ്ങൾ എന്നിവയിലേക്കും വെള്ളം ഇരച്ചു കയറിയത് വലിയ ഭീതി ഉണ്ടാക്കി.

ഡൽഹിയിലെ സ്ഥിഗതികൾ വിലയിരുത്താൻ ഫ്രാൻസ് സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യന്തര മന്ത്രി അമിത്ഷായെ വിളിച്ചിരുന്നു.

ഡൽഹിയിൽ ഏറ്റവും കൂടുതൽ വാഹന ഗതാഗതം ഉള്ള ഐടിഒ ക്രോസിങ് ഭാഗത്തെ ഡ്രെയിൻ റഗുലേറ്റർ തകർന്നത് കാരണം പ്രദേശം പൂർണമായും വെള്ളത്തിനടിയിലായി.

ഈ ഭാഗത്തെ വെള്ളപ്പൊക്കത്തിന് കാരണം റഗുലേറ്റർ തകർന്നത് ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാവിലെ സ്ഥിരീകരിച്ചിരുന്നു. കരസേനയുടെയും ദുരന്ത നിവാരണ സേനയുടെയും സഹായം തേടാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

അതിനിടെ ഐടിഒ ഭാഗത്ത് വൈദ്യുത പോസ്റ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത് ഭീതി പരത്തി. പോസ്റ്റിൽ പിടിച്ചു വെള്ളക്കെട്ട് നീന്തി കടക്കാൻ ശ്രമിച്ച ചിലർക്ക് ഷോക്കേറ്റു.

വെള്ളക്കെട്ടിന് നടുവിൽ ആണ് പോസ്റ്റ് നിൽക്കുന്നത്.കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്.

ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി.

Related posts

Leave a Comment