രാഹുല്‍ ഗാന്ധി മണിപ്പൂരില്‍; വാഹനവ്യൂഹം പോലീസ് തടഞ്ഞു

ഇംഫാല്‍: കലാപബാധിത സംസ്ഥാനമായ മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തി.

രാവിലെ 11.30 ഓടെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുലും കോണ്‍ഗ്രസ് നേതാക്കളും കാര്‍ മാര്‍ഗം കലാപബാധിത മേഖലയിലേക്ക് തിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.

രാഹുലിനെ മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗും മണിപ്പുര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ കെയ്ഷം മെഗാചന്ദ്ര സിംഗും ചേര്‍ന്ന് സ്വീകരിച്ചു.

ഇംഫാലിലേയും ചുരാചന്ദ്രപുരിലേയും കലാപ ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനും ജനങ്ങളും ജനപ്രതിനിധികളുമായി സംസാരിക്കാനുമാണ് രാഹുലിന്റെ തീരുമാനം.

എന്നാല്‍ രാഹുലിന്റെ വാഹന വ്യൂഹത്തെ പോലീസ് തടഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബിഷ്ണുപുരിലാണ് കാര്‍ തടഞ്ഞത്. ജനക്കൂട്ടം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും മടങ്ങിപ്പോകുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു.

റോഡില്‍ പോലീസ് വാഹനങ്ങളും ബാരിക്കേഡുകളും കുറുകെയിട്ട് തടഞ്ഞിരിക്കുകയാണ്. കാറില്‍ നിന്നിറങ്ങാന്‍ രാഹുലും കൂട്ടാക്കിയിട്ടില്ല.

ഇന്നലെ വൈകിട്ടും ഇന്നു രാവിലെയും ഹില്‍ മേഖലയില്‍ വെടിവയ്പുണ്ടായെന്നൂം അതിനാല്‍ രാഹുലിന്റെ സുരക്ഷയെ കരുതി അവിടേക്ക് വിടാന്‍ കഴിയില്ലെന്നും ബിഷ്ണുപുര്‍ എസ്.പി അറിയിച്ചു.

എന്നാല്‍ രാഹുല്‍ സമാധാന ദൗത്യവുമായി എത്തിയതാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് തടയുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മണിപ്പൂരില്‍ രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം പകരുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞൂ. ആഭ്യന്തരമന്ത്രി മണിപ്പൂരിലെത്തി. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

മണിപ്പൂരിനെ കുറിച്ച്‌ ഒരു വാക്കും പറയാന്‍ പ്രധാനമന്ത്രി മോദി തയ്യാറാകുന്നില്ല. മണിപ്പൂരില്‍ ചൈനയുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 150ലേറെ ആളുകള്‍ മരിച്ചു.

Related posts

Leave a Comment