സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ കൈമാറണം: കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ്

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അരിച്ചുപെറുക്കാന്‍ സര്‍ക്കാര്‍ നീക്കം.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ സുധാകരന്‍ അറസ്റ്റിലായതിനു പിന്നാലെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും സ്വത്ത് സമ്പദനവുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

സുധാകരന്റെ ഭാര്യ സ്മിത സുധാകരന്റെ ശമ്പള-ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ തേടി അവര്‍ പഠിപ്പിച്ചിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ് നല്‍കി.

2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.

കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്‍. ആറ് വര്‍ഷം മുന്‍പ് സ്മിത സുധാകരന്‍ വിരമിച്ചിരുന്നു. വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഈ മാസം 15നാണ് നോട്ടീസ് നല്‍കിയത്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണവും.

ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ അന്വേഷണത്തിന് രഹസ്യമായി അനുമതി നല്‍കിയെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പുനര്‍ജനി ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ഉത്തരവിട്ടിരുന്നു.

ഇതോടൊപ്പം തന്നെ സുധാകരനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നുവെന്നാണ് സൂചന.

ഭാര്യയുടെ ശമ്പള വിവരങ്ങള്‍ വിജിലന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പിനോട് തേടിയ വിവരം സുധാകരന്‍ തന്നെയാണ് പുറത്തുവിട്ടത്.

ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

Related posts

Leave a Comment