നേമം: മകള്‍ വിദ്യയെ പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ മരുമകനെ വിളിച്ച ഗോപകുമാറിന് കേള്‍ക്കാനായത് കൊച്ചുമകന്‍ ദക്ഷകിന്റെ വിറയാര്‍ന്ന ശബ്ദമാണ്.
മങ്കാട്ടുകടവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയുടെ അച്ഛനാണ് കരുമം അന്തിവിളക്ക് കിഴക്കതില്‍വീട്ടില്‍ ഗോപകുമാര്‍.
”അമ്മ ചോരയില്‍ കിടക്കുന്നു അപ്പൂപ്പാ…’ എന്നാണ് ഗോപകുമാറിന് കേള്‍ക്കാനായത്.ആഴ്ചയിലൊരിക്കല്‍ വിദ്യയുടെ മൂത്തമകന്‍ ദക്ഷകിനെ ഗോപകുമാര്‍ വീട്ടില്‍ വിളിച്ചുകൊണ്ടുവരാറുണ്ട്.
ഞായറാഴ്ച തിരികെ എത്തിക്കും. കഴിഞ്ഞതവണ പോയപ്പോള്‍ വിദ്യയുടെ ഇളയ കുട്ടി ദീക്ഷയും അപ്പൂപ്പനോടൊപ്പം വീട്ടിലേക്ക് വന്നു.
ഇതിനിടയില്‍ വിദ്യയുടെ അമ്മയ്ക്ക് പനി ആയതിനാല്‍ ദീക്ഷയെ തിരികെ വീട്ടിലാക്കാന്‍ ഗോപകുമാര്‍ വ്യാഴാഴ്ച രാത്രി വിദ്യയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
ഉടന്‍ തന്നെ ഗോപകുമാര്‍ മരുമകനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
പിന്നീട് കൊച്ചുമകന്‍ ദക്ഷകിന്റെ ശബ്ദമാണ് ഗോപകുമാര്‍ കേള്‍ക്കുന്നത്.ഉടന്‍ തന്നെ ഗോപകുമാര്‍ വിദ്യ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ പ്രശാന്ത്, ബോധരഹിതയായി കിടക്കുന്ന വിദ്യക്ക് സമീപം ഇരിക്കുന്നതാണ് കണ്ടത്.
വിദ്യ കുളിമുറിയില്‍ വീണതാണെന്ന് പ്രശാന്ത് ഗോപകുമാറിനോട് പറഞ്ഞു. ഉടനെ വിദ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യയുടെ മൂത്തമകനാണ് ഒമ്പതുകാരനായ ദക്ഷക്. വിദ്യയും പ്രശാന്തുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. മുമ്പ് പൂജപ്പുര മുടവന്‍മുകളില്‍ വീട് ഒറ്റയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഒരു മാസമായി ഇവര്‍ നേമം മനുകുലാധിച്ചപുരം കരുമം കിഴക്കേതില്‍ വീട്ടില്‍ നിന്ന് കുണ്ടമന്‍കടവ് വട്ടവിള ശങ്കരന്‍ നായര്‍ റോഡില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
പരസ്പരമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമ ആയിരുന്നെന്നും മകളെ ഇതിനുമുൻപും പലതവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും വിദ്യയുടെ അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിൽ ഇദ്ദേഹം ദുരൂഹത ആരോപിച്ചിരുന്നു.
സംഭവത്തില്‍ പ്രശാന്തി (40) നെ വെള്ളിയാഴ്ച (ഇന്നലെ) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യ (30) യെ ചവിട്ടിയും തലക്കടിച്ചുമാണ് പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് താനും വിദ്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായും വിദ്യയെ വയറ്റിൽ ചവിട്ടിയതായും തല പിടിച്ച് ഇടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ പ്രതിയെ മലയിൻകീഴ് പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ
നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത് കാട്ടാക്കട, ഡിവൈഎസ്പി ഷിബു എൻ എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് വിദ്യയുടെ മരണകാരണമെന്ന് തെളിഞ്ഞു.
കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.