അമൂലിനെ ഇറങ്ങാന്‍ പോലും കര്‍ണാടക സമ്മതിച്ചില്ല ; ഇപ്പോള്‍ നന്ദിനിയുമായി മില്‍മയുടെ വിപണിയില്‍ ഇടിച്ചുകേറാന്‍ നോക്കുന്നു

നാട്ടിലെ ക്ഷീരകര്‍ഷകരില്‍ ഒരുവിഭാഗം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നന്ദിനിയുമായി കേരളത്തിലെ പാല്‍ വിപണിയില്‍ ഇടിച്ചുകയറാനുള്ള കര്‍ണാടകയുടെ നീക്കം രൂക്ഷ വിമര്‍ശനത്തിന് കാരണമാകുന്നു.

കര്‍ണാടകത്തിലേക്ക് ഇറങ്ങാനുള്ള അമൂലിന്റെ നീക്കത്തെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിച്ചിട്ടാണ് നന്ദിനി മില്‍മയുടെ കളം പിടിക്കാന്‍ നോക്കുന്നതെന്നാണ് ആക്ഷേപം.

ഗുജറാത്ത് ക്ഷീരോത്പാദന സഹകരണ ഫെഡറേഷന്റേതാണ് അമൂല്‍. കര്‍ണാട മില്‍ക്ക് ഫെഡറേഷന്റേതാണ് നന്ദിനി.

മറ്റൊരു സംസ്ഥാനത്തെ ക്ഷീരോത്പാദന സംഘത്തെ സ്വന്തം വിപണി പിടിക്കുന്നതില്‍ നിന്നും തടഞ്ഞ കര്‍ണാടക മറ്റൊരു സംസ്ഥാനത്തെ ക്ഷീരവിപണിയിലേക്ക് ഇടിച്ചു കയറുകയാണ്.

ഇതോടെ നന്ദിനി യെ വിപണിയില്‍ നേരിട്ട് തോല്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മില്‍മയും. നേരത്തേ നന്ദിനി വരുന്നതിനെ ഒരു വിഭാഗം ക്ഷീരകര്‍ഷകര്‍ സ്വാഗതം ചെയ്തിരുന്നു.

മില്‍മയുടെ എതിര്‍പ്പിനിടയില്‍ നല്ല വില കിട്ടിയാല്‍ തങ്ങള്‍ പാല്‍ വില്‍ക്കാന്‍ തയ്യാറാകുമെന്നാണ് ഇവര്‍ നടത്തിയ പ്രതികരണം.

കേരളത്തില്‍ നന്ദിനി പാല്‍ വില്‍പ്പനയുമായി കര്‍ണാടകം എത്തിയാല്‍ കര്‍ണാടകത്തിലെ ക്ഷീര കര്‍ഷകരുടെ പാല്‍ നേരിട്ട് സംഭരിക്കുന്ന കാര്യം മില്‍മയ്ക്കും പരിഗണിക്കേണ്ടി വരും.

നേരത്തേ കര്‍ണാടക വിപണിയില്‍ ഇറങ്ങാന്‍ രാജ്യത്തെ ഒന്നാമന്മാരായ അമൂലിന് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കര്‍ണാടക വിഷയം വലിയ പ്രശ്‌നമാക്കി.

നന്ദിനിയെ അമൂലിലേക്ക് ലയിപ്പിക്കാന്‍ നീക്കം നടത്തുന്നു എന്ന പ്രചരണം നടത്തി. കര്‍ഷകരുടെ സമരത്തില്‍ അമൂലിന് പിന്മാറേണ്ടിയും വന്നിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ പാലുല്‍പ്പാദകരായ നന്ദിനി ദിവസവും 90 ലക്ഷം ലിറ്റര്‍ പാലാണ് കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ 21,000 കോടി രൂപയും അവര്‍ നേടുന്നുണ്ട്.

നന്ദിനിയുമായി ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് കെഎംഎഫിന്റെ നീക്കം.

രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും.

കേരളവുമായി മത്സരിക്കാന്‍ അല്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് കര്‍ണാടകാ മില്‍ക്ക് ഫെഡറേഷന്റെ ന്യായീകരണം.

തങ്ങളേക്കാള്‍ വില കുറച്ച്‌ വില്‍പ്പന നടത്തുന്ന നന്ദിനി പാലും പാലുല്‍പന്നങ്ങളും തങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നാണ് മില്‍മയുടെ ആശങ്ക.

കേരളത്തിലെ പാല്‍ ലഭ്യത ഉറപ്പാക്കാന്‍ കേരളത്തിലെ വില്‍പന വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിയാണ് മില്‍മ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളില്‍ നിന്നു പാല്‍ വാങ്ങുന്നത്.

നന്ദിനി മത്സരരംഗത്ത് വന്നാല്‍ കര്‍ണാടകത്തിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ ശേഖരിക്കാന്‍ മില്‍മയ്ക്ക് ഇറങ്ങേണ്ടി വരും.

Related posts

Leave a Comment