കേരളമാകെ പകര്‍ച്ചപ്പനി, ഡെങ്കിയും എലപ്പനിയും ഒപ്പം, 13000ത്തിലേക്ക് കുതിച്ച് പ്രതിദിന പനിബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്താകെ പകര്‍ച്ചപ്പനി പടരുന്നു. സംസ്ഥാനത്ത് പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13000ത്തിലേക്ക് കടന്നിരിക്കുകയാണ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും, എലിപ്പനിയും പടരുന്നുണ്ട്.

110 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 43 കേസുകളും എറണാകുളം ജില്ലയിലാണ്.218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണം പ്രകടിപ്പിക്കുന്നത്. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

ആറുമാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലയില്‍ ഗുരുതരമായ അവസ്ഥയാണ് ഉള്ളത്. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധിച്ച് ഇതുവരെ മരിച്ചവരില്‍ അന്‍പതിന് താഴെ ഉള്ളവരും, കുട്ടികളും ഉള്ളതാണ് ആശങ്കയായി കാണുന്നത്.

ഡെങ്കിപ്പനി കേസുകളും മലപ്പുറത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍.കൂടുതല്‍ കേസുകളും മലയോര മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലയോര മേഖലയായ വണ്ടൂര്‍, മേലാറ്റൂര്‍ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 78 കേസുകളും, മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുഴിമണ്ണ പഞ്ചായത്തിലും, പോരൂര്‍ പഞ്ചായത്തിലുമാണ് ഇന്നലെ ഡെങ്കിപ്പനിയെ തുടര്‍ന്ന് മലപ്പുറത്ത് മരണം സംഭവിച്ചത്.

കൊതുക് പെരുകുന്നത് തടയാന്‍ പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മലപ്പുറത്തെ പ്രധാന ആശുപത്രികളില്‍ എല്ലാം ഡെങ്കിവാര്‍ഡും ആരംഭിച്ചിട്ടുണ്ട്.

കുറ്റിപ്പുറത്ത് പനി ബാധിച്ച് മരിച്ച പതിമൂന്നുകാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മലപ്പുറത്ത് തന്നെ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. മറ്റിടങ്ങളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ ഇതിലും കൂടുതല്‍ വരും.

അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എലി നശീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളൊന്നും ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി.

മാലിന്യക്കൂനകള്‍ നീക്കുന്നത് അടക്കുന്നതൊന്നും പരിഗണിച്ചിട്ടേയില്ല. പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

മഴക്കാല പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വിതരണത്തിന് 200 കോടി രൂപയുടെ മരുന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ സംഭരിച്ചിട്ടുണ്ട്.

 

Related posts

Leave a Comment