നിരപരാധിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ; മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോൻസണ്‍ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് ഹൈക്കോടതിയിൽ ആശ്വാസം.

ഈ മാസം 29 വരെ കേസിൽ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.

അതേസമയം, സുധാകരൻ നിരപരാതിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു.ഈ മാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ 23ന് എത്താന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സമൂഹമാധ്യമങ്ങളിൽ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും സുധാകരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കെ. സുധാകരനെതിരെയുള്ള തെളിവ് ശേഖരണം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടിട്ടുണ്ട്. മോൻസണും പരാതിക്കാർക്കും ഒപ്പം നിൽക്കുന്ന കെ. സുധാകരന്‍റെ ചിത്രങ്ങള്‍ അടക്കം ക്രൈംബ്രാഞ്ചിന് മുമ്പ് ലഭിച്ചിരുന്നു.

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈംബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ നിലവിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പുരാവസ്തു വിൽപ്പനക്കാരനെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ അറസ്റ്റിലായത്.

ആ ഘട്ടത്തിലാണ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയത്.

Related posts

Leave a Comment