കെ വിദ്യക്കെതിരായ വ്യാജരേഖ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ദരും; അന്വേഷണ സംഘം വിപുലീകരിച്ചു

പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സൈബർ സെൽ വിദഗ്ദരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

അഗളി സിഐയുടെ നേതൃത്വത്തിലാണ് നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്.കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് സൈബർ വിദഗ്ദരെ കൂടി ഉൾപ്പെടുത്തി അന്വേഷണം ഊർജിതമാക്കിയത്. അതേസമയം വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല കോളേജിൽ പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തിയേക്കും.

വിദ്യയെ അഭിമുഖം ചെയ്ത അധ്യാപകരുടെ മൊഴിയെടുക്കുന്നതിനായി അഗളി പോലീസ് പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.വിദ്യ ബയോഡാറ്റയ്ക്കൊപ്പം കോളേജിൽ നൽകിയ രേഖകളായിരിക്കും പോലീസ് പരിശോധിക്കുക.

പ്രിൻസിപ്പൽ ലാലി വർഗീസിന്റെ ഫോൺ വിവരങ്ങളും പോലീസ് പരിശോധിക്കും. വിദ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായും കോൾ റെക്കോഡ് ചെയ്തിരുന്നതായും നേരത്തേ പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ ശബ്ദരേഖ തന്റെ കൈവശമില്ലെന്നാണ് പിന്നീട് പ്രിൻസിപ്പൽ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.അതേസമയം അട്ടപ്പാടി കോളേജിൽ വിദ്യ അഭിമുഖത്തിനായി കാറിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചു.

മണ്ണാർക്കാട് രജിസ്ട്രേഷനിലുള്ള കാറിലാണ് വിദ്യ എത്തിയത്. ഈ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.

സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു വിദ്യ.

അതേസമയം വിദ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ തടസ ഹർജി നൽകിയേക്കും. ഹർജിയിൽ നേരത്തേ ഹൈക്കോടതി സർക്കാർ നിലപാട് തേടിയിരുന്നു.

കേസിൽ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ വിദ്യയുടെ ജാമ്യത്തെ ശക്തമായി എതിർക്കാനാണ് സർക്കാർ തീരുമാനം.

രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്നും അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യ ഹൈക്കോടതിയെ സമീപിച്ചത്.

വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

 

Related posts

Leave a Comment