കോഴിക്കോട്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്ന് കെ.മുരളീധരന്‍ എം.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല. ജനങ്ങള്‍ ജയിപ്പിക്കാന്‍ തയ്യാറാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം മാത്രം നടത്തിയാല്‍ മതി. പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കട്ടെയെന്നാണ് തീരുമാനം. മത്സരത്തില്‍ നിന്ന് പിന്മാറുന്നവര്‍ക്ക് പകരം സ്ഥനാര്‍ത്ഥികളെ നോക്കിയാല്‍ പോരെ. -മുരളീധരന്‍ ചോദിച്ചു.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതി പറയാന്‍ എല്ലാപ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. പാര്‍ട്ടി പാര്‍ലമെന്ററി നേതാവും ഡിസിസി പ്രസിഡന്റും ചേര്‍ന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
അത് കോണ്‍ഗ്രസിലെ കീഴ്‌വഴക്കമാണ്. എ,ഐ ഗ്രൂപ്പുകളുടെ യോഗം ശരിയോ തെറ്റോ എന്ന് പറയുന്നില്ല. പരസ്യ പ്രതികരണം ഗുണം ചെയ്യുമോ എന്ന ചിന്തിക്കേണ്ടത് നേതാക്കളാണ്.
ഞാന്‍ എംഎല്‍എ ആയിരിക്കുമ്ബോള്‍ എന്റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റിനെ പത്രം വായിച്ചാണ് അറിഞ്ഞത്. ഇതൊക്കെ എല്ലാ കാലത്തും ഉള്ളതാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
ആരും ബഹളത്തിലേക്ക് പോകരുത്. ബഹളത്തിലേക്ക് പോയാല്‍, ഞാനുള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തിയുടെ ഫലമായി 2004ല്‍ സംഭവിച്ചത് ഉണ്ടാകും. 2004ല്‍ കേന്ദ്രത്തില്‍ ഭരണം കിട്ടി.
എന്നാല്‍ അതിന്റെ ഗുണം അനുഭവിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. 2024ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും. അതിന്റെ ഗുണം അനുഭവിക്കാന്‍ കേരളത്തിനും കഴിയും.
പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് അന്വേഷണത്തിലും മുരളീധരന്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തി. പ്രതിപക്ഷ നേതാവിനെതിരെ ആര് എന്തെങ്കിലും എഴുതിക്കൊടുത്താല്‍ അന്വേഷണം.
സര്‍ക്കാരിലുള്ളവര്‍ക്ക് കട്ടുമുടിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. വി.ഡി സതീശനെതിരെ കേസെടുത്ത് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട.
സതീശനെ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ഇപ്പോഴത്തെ മന്ത്രിമാരില്‍ പലരും ഭാവിയില്‍ അഴിയെണ്ണും.- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.