കീവ് : തെക്കൻ യുക്രെയ്നിലെ കഖോവ്ക ഡാം ബോംബിട്ട് തകർത്തതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻ ഭീഷണി സൃഷ്ടിച്ച് ഒഴുകി നടക്കുന്ന കുഴിബോംബുകൾ (മൈൻ).
യുദ്ധമേഖലയിൽ ശത്രുസേനയുടെ മുന്നേറ്റം തടയാൻ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകളാണ് പ്രളയ ജലത്തിൽ ഒഴുകിനടക്കുന്നത്. ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് റെഡ് ക്രോസ് മുന്നറിയിപ്പു നൽകി.
കുഴിബോംബുകളുടെ രൂപത്തിൽ അപകടം പതിയിരിക്കുന്ന സ്ഥലങ്ങൾ മുൻപ് അറിയാമായിരുന്നുവെന്നും, ഇപ്പോൾ എവിടെയാണ് അപകടമുള്ളതെന്ന് അറിയാൻ നിർവാഹമില്ലെന്നും റെഡ് ക്രോസിന്റെ ആയുധ നശീകരണ വിഭാഗം തലവൻ എറിക് ടോലെഫ്സെൻ ചൂണ്ടിക്കാട്ടി.
കുഴിബോംബുകളിൽ പലതും ഒഴുകുന്ന ബോംബുകളായി മാറിയെന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ദക്ഷിണ കമാൻഡ് വക്താവ് നതാലിയ ഹുമേന്യൂക് പറഞ്ഞു. ‘‘പ്രളയത്തിൽ പല കുഴിബോംബുകളും ഒഴുകി നടക്കുകയാണ്.
അവ വൻ ഭീഷണിയാണ് ഉയർത്തുന്നത്.ഒഴുകി നടക്കുന്ന കുഴിബോംബുകൾ പരസ്പരം കൂട്ടിയിടിച്ചാലോ മറ്റ് അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ചാലോ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്’ – നതാലിയ ചൂണ്ടിക്കാട്ടി.
അതേസമയം, ഡാം തകർത്തതിന്റെ ഉത്തരവാദിത്തം സംബന്ധിച്ചു റഷ്യയും യുക്രെയ്നും. പരസ്പരം പഴിചാരൽ തുടരുകയാണ്. റഷ്യ തൊടുത്ത പാരിസ്ഥിതിക ബോംബ് എന്നാണ് ഡാം തകർന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്.
അഭയാർഥികൾക്കു സഹായമെത്തിക്കാൻ യുഎന്നിന്റെയും റെഡ്ക്രോസിന്റെയും സഹായം യുക്രെയ്ൻ തേടിയിട്ടുണ്ട്. അതേസമയം, ഖേഴ്സൻ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രളയബാധിത മേഖലയിലും ഇരുപക്ഷവും ബോംബിങ് തുടരുന്നുണ്ട്. ഡാമിന്റെ തകർന്ന ഭാഗം പുനർനിർമിക്കാനാവില്ലെന്നും കുത്തൊഴുക്കിൽ കൂടുതൽ തകരാനാണു സാധ്യതയെ ന്നുമാണു വിദഗ്ധർ പറയുന്നത്.
ഡാം തകരുമ്പോൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു ജലനിരപ്പ്. പതിനായിരക്കണക്കിനു പേരുടെ കുടിവെള്ളം മുടങ്ങുമെന്നും ലക്ഷക്കണക്കിനു ഹെക്ടർ കൃഷി നശിക്കുമെന്നും യുക്രെയ്ൻ പറഞ്ഞു.
പ്രളയം രൂക്ഷമായതോടെ ആയിരക്കണക്കിനാളുകളാണ് ഇതിനകം വീടുപേക്ഷിച്ചു രക്ഷപ്പെട്ടത്. അടുത്ത 20 മണിക്കൂറിൽ നിപ്രോ നദിയുടെ തീരങ്ങളിൽ ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയരുമെന്നാണു മുന്നറിയിപ്പ്.
പല പ്രദേശങ്ങളിലും ഇതിനകം അഞ്ചര മീറ്റർ വരെ വെള്ളം ഉയർന്നു. പ്രളയജലം കണ്ട് ഭയന്നോടിയ ജനങ്ങൾ കയ്യിൽ കിട്ടാവുന്നതെല്ലാം വാരിയെടുത്ത് ബസുകളിലും ട്രെയിനുകളിലും കയറി നാടുവിടുകയാണ്.
കുട്ടികളെ തോളിലെടുത്ത് ഓടിരക്ഷപ്പെടുന്നവരെയും കാണാമായിരുന്നു. ചിലർ വീടുകളുടെ മേൽക്കൂരയിൽ രാത്രി ചെലവഴിച്ചു.