കോട്ടയത്തിന്​ നിര്‍ണായക ദിനങ്ങള്‍; കടുത്ത നിയന്ത്രണം

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന്​ എ.ഡി.ജി.പി
സ്വന്തം ലേഖകന്‍
കോട്ടയം: സ്ഥിതി അതിഗുരുതരമായ സാഹചര്യത്തില്‍ വിട്ടുവീഴ്​ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ കോട്ടയത്തും ഇടുക്കിയിലും​ പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച കോസ്​റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ. പത്മകുമാര്‍ പൊലീസിന്​ നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ പ്രത്യേക നിരീക്ഷണത്തിന്​ ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചു​. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്‍റ്​ ആര്‍. വിശ്വനാഥ്​ കോട്ടയത്തും കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്‍റ്​ വൈഭവ് സക്സേന ഇടുക്കിയിലും സ്പെഷല്‍ ഓഫിസര്‍മാരായും പ്രവര്‍ത്തിക്കും. കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ പൊലീസ്​ നടത്തിയ ഇടപെടല്‍ കോവിഡ്​ നിയന്ത്രണ നടപടികള്‍ക്ക്​ സഹായകമായ സാഹചര്യത്തിലാണ്​ അതേ മാതൃകയില്‍ കോട്ടയത്തും ഇടുക്കിയിലും നടപടികള്‍ക്ക്​ സര്‍ക്കാര്‍ അനുമതി നല്‍കിയത്​. ചൊവ്വാഴ്​ച കോട്ടയത്തെത്തിയ ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇടുക്കിയിലും കോട്ടയത്തും ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന്​ എ.ഡി.ജി.പി കെ.
പത്മകുമാര്‍ പറഞ്ഞു. ഹോട്​​സ്​പോട്ട്​ മേഖലകളില്‍ കടുത്ത നിയന്ത്രണമാണ്​ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. ഒരുകാരണവശാലും അവിടെ അകത്തോട്ടും പ​ുറത്തോട്ടും പോകാന്‍ ആരെയും അനുവദിക്കില്ല. ജില്ല അതിര്‍ത്തികളിലും പരിശോധന തുടരും. അനാവശ്യമായി ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി അടച്ചുള്ള ക്രമീകരണമാണ്​ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. നടപടികള്‍ ശക്തമാക്കാന്‍ സ്​പെഷല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയതായും എ.ഡി.ജി.പി ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഹോട്​സ്​പോട്ട്​ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. കേരള-തമിഴ്​നാട്​ അതിര്‍ത്തി വഴി വരുന്നവരെ പിടികൂടാന്‍ ശക്തമായ നടപടിയാണ്​ എടുക്കുന്നത്​.
നടപടി ഏകോപിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി​ നിര്‍വഹിക്കു​മെന്നും പത്മകുമാര്‍ അറിയിച്ചു.

Related posts

Leave a Comment