തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
മലയിൻകീഴ് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.
നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂള്‍ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം.
ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നിര്‍ഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറിയെന്നും പറഞ്ഞു.
8 മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ഇന്ത്യയില്‍ പ്രഥമ സമ്പൂർണ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം.
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കി.
ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പദ്ധതിയും കോവിഡ് കാലത്ത് ഡിജിറ്റല്‍, ഓണ്‍ലൈൻ ക്ലാസുകളും നടപ്പിലാക്കി.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി.
കുട്ടികളില്‍ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവര്‍ത്തന പദ്ധതി രൂപം നല്‍കിയിട്ടുണ്ട്.