വാടക തര്‍ക്കം: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് ശ്രീനിജന്‍ എംഎല്‍എ; സ്‌കൂള്‍ ഗേറ്റ് പൂട്ടിയിട്ടു

കൊച്ചി: വാടക തര്‍ക്കത്തില്‍ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളുടെ കായിക ഭാവിക്ക് വിലങ്ങിട്ട് കുന്നത്തുനാട് എംഎല്‍എ വി.പി ശ്രീനിജന്‍ എംഎല്‍എ.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി ശ്രീനിജന്‍ തടഞ്ഞു.

ട്രയല്‍സ് നടക്കേണ്ട പനമ്പള്ളി നഗറിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സ് വാടക കുടിശിക വരുത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് നടപടി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുലര്‍ച്ചെ സ്‌കൂളിന്റെ മുന്നിലെത്തിയ കുട്ടികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കെടുക്കാനാവാതെ പുറത്തുനില്‍ക്കുകയാണ്.

ഇന്നത്തെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഇന്നലെ മുതല്‍ കുടുംബസമേതം എറണാകുളത്തുവന്ന് മുറിയെടുത്ത് താമസിച്ച്‌ ട്രയല്‍സിന് എത്തിയതായിരുന്നു നൂറിലധികം വരുന്ന കുട്ടികള്‍.

കേരള ബ്ലാസ്‌റ്റേഴ്‌സ് സിലക്ഷന്‍ ട്രയല്‍സിന്റെ വിവരം അറിയിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ പ്രതികരണം. എട്ടു ലക്ഷം രൂപ വാടക നല്‍കാനുണ്ട്. അത് തിരിച്ചടയ്ക്കാന്‍ ബാധ്യതയുണ്ട്.

പണം നല്‍കാന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ ബുദ്ധിമുട്ടുന്നുണ്ട് എന്നത് ശരിയാെണന്നും ഗേറ്റ് തുറക്കുന്ന കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്നും എംഎല്‍എ പറഞ്ഞൂ.

അതേസമയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായല്ല, കരാര്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായാണെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിശദീകരണം. വാടക കുടിശിക വരുത്തിയിട്ടില്ല.

മേയ് വരെയുള്ള വാടകയും നല്‍കിയിരുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു.

വാടക നല്‍കിയെന്ന് സംസ്ഥാന സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ അറിയിച്ചു. എംഎല്‍എയുടെ നിലപാട് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പ്രസിഡന്റ് യു.ഷറഫലി പറഞ്ഞു.

ട്രയല്‍സ് നടത്താന്‍ മൂന്‍കൂര്‍ അനുമതി വേണ്ടെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിലപാട് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോര്‍പറേഷന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഗേറ്റപൂട്ടാന്‍ കുന്നത്തുനാട് എംഎല്‍എയ്ക്ക് അധികാരമില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

സ്‌കൂളിന്റെ ഭരണം തദ്ദേശ ഭരണസ്ഥാപനത്തിനാണ്. യുഡിഎഫിന്റെ കാലത്ത് അണ്ടര്‍-17 ഫിഫ കപ്പ് മത്സരത്തിനായി ക്രമീകരിച്ച സ്‌റ്റേഡിയമാണ് സ്‌കൂളിലേത്.

പ്രശ്‌നമറിഞ്ഞ് കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ എത്തി സ്‌കൂളിന്റെ മറുവശത്തെ ഗേറ്റ് 9.45 ഓടെ തുറന്നു. ഇത് കോര്‍പറേഷന്റെ കീഴിലുള്ള സ്‌കൂളാണ്. സ്‌കൂള്‍ ഗേറ്റ് പൂട്ടാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അധികാരമില്ല. ഗ്രൗണ്ടിന്റെ അധികാരി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഇതില്‍ ഒരു അധികാരവുമില്ല. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ കയറി വിശ്രമിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

എന്നാല്‍ ട്രയല്‍സ് എപ്പോള്‍ നടക്കുമെന്ന് വ്യക്തത വന്നിട്ടില്ല.

Related posts

Leave a Comment