തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്റിച്ച് ബ്ലോക്കില്‍ തീപിടിത്തം. മൂന്നാം നിലയില്‍ മന്ത്രി പി. രാജീവിന്റെ ഓഫിസിന് സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്.
പി. രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി നശിച്ചു. 15 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തീ ശ്രദ്ധയില്‍പ്പെട്ട പ്യൂണ്‍ സൂരക്ഷാജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ചെങ്കല്‍ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു.
8.15 ഓടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു.വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരുക്കിയത്. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്.
മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. 2020 ലും ഇതേ ബ്ലോക്കില്‍ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ കത്തി നശിച്ചിരുന്നു.