ന്യൂഡൽഹി∙ മണിപ്പൂരിൽ കലാപമേഖലകളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാർ.
വിദ്യാർത്ഥികളെ വിമാനമാർഗം തിങ്കളാഴ്ച ബെംഗളുരുവിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.
ഒൻപത് വിദ്യാർത്ഥികളാണ് മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15–ന് ഇംഫാലിൽ നിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തിക്കും.
അവിടെ നിന്ന് രാത്രി 9.30 ഓടെ ബെംഗളുരുവിലെത്തും.ഒൻപത് വിദ്യാർത്ഥികളിൽ മൂന്നുപേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്.
കണ്ണർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേർ വീതവും പാലക്കാട്, വയനാട് എന്നിവടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മണിപ്പൂരിൽ കുടുങ്ങിയത്.
അതേസമയം സംഘർഷ മേഖലകളിൽനിന്ന് സൈന്യം ഒഴിപ്പിച്ചവരുടെ എണ്ണം 13,000 കടന്നു. പത്ത് കമ്പനി സേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സൈന്യവും സർക്കാരും അറിയിച്ചു.