ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു.
ഇടിയേറ്റു തെറിച്ച് കാറിനു മുകളിൽ വീണ യുവാവുമായി വാഹനം മൂന്നു കിലോമീറ്ററോളം ദൂരം ഓടിയതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
അപകടത്തിന് സാക്ഷികളായവരിൽ ഒരാളാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഇവിടെ ജ്വല്ലറി നടത്തുന്ന ദീപാൻഷു വർമയാണ് അപകടത്തിൽ മരിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഇരുപതുകാരൻ മുകുളിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതായാണ് വിവരം. അതേസമയം, ഇവരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല. കസ്തൂർബ ഗാന്ധി മാർഗിനും ടോൾസ്റ്റോയ് മാർഗിനും ടോൾസ്റ്റോയ് മാർഗിനും ഇടയിലാണ് അപകടം നടന്നത്.
ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ബന്ധുക്കളായ യുവാക്കളെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകുൾ ദൂരേയ്ക്ക് തെറിച്ചുവീണു.
ദീപാൻഷു വർമ ആകട്ടെ, ഉയർന്നുപൊങ്ങി ഇടിച്ച കാറിന്റെ മുകളിലാണ് വീണത്. ഇടിച്ച കാറിന്റെ ഡ്രൈവർ വാഹനം നിർത്തുന്നതിനു പകരം, ഗുരുതര പരുക്കുകളോടെ കാറിനു മുകളിൽ തെറിച്ചുവീണ ദീപാൻഷു വർമയുമായി യാത്ര തുടർന്നു.
മൂന്നു കിലോമീറ്ററോളം ദൂരം ഇങ്ങനെ നീങ്ങിയതായാണ് റിപ്പോർട്ട്.