അരിക്കൊമ്പൻ ദൗത്യം വിജയിച്ചു, മയക്കുവെടിവെച്ചു

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം.

അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്.

വെടി കൊണ്ടിട്ടുണ്ടെങ്കില്‍ അര മണിക്കൂറിനുള്ളില്‍ ആന മയങ്ങിത്തുടങ്ങും. ഇതോടെ ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി.

2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണു സൂചന.

301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.

അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു.

സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.

അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

അതിനിടെ, അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു.

അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്

Related posts

Leave a Comment