മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്‍റിലേറ്റര്‍ നീക്കാറായില്ലെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം.

76 കാരനായ മാമുക്കോയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

മലപ്പുറം കാളികാവിലെ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യം മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട്, കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം, മാമുക്കോയയുടെ ചികിത്സ നടക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ നില അൽപ്പം ഭേദപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് എത്തിച്ചത്.തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പരിപാടിയുടെ സംഘാടകരും ട്രോമാ കെയർ പ്രവർത്തകരുമാണ് അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ പ്രതികരിച്ചിരുന്നു.

കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിയാണ് മാമുക്കോയ. നാടക നടനായാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ ആണ് ആദ്യ സിനിമ.

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഗഫൂർക്കാ, കീലേരി അച്ചു തുടങ്ങിയ മാമുക്കോയയുടെ കഥാപാത്രങ്ങൾ മലയാളികൾക്ക് മറക്കാനാവില്ല.

Related posts

Leave a Comment