കേരള കോൺഗ്രസ് വിട്ട് ജോണി നെല്ലൂർ; പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നേക്കും

കൊച്ചി:  കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം.

റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ‌ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർ‌ഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു.

കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കും.

ആദ്യം ക്രൈസ്തവരുമായി യോഗം ചേർന്നു. പിന്നീട് രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോൾ ക്രൈസ്തവർക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേർന്ന് ഒരു ദേശീയ പാർട്ടി രൂപീകിരിക്കാൻ തീരുമാനിച്ചു.

സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്നുള്ള അംഗങ്ങളും പുതിയ പാർട്ടിയുടെ ഭാഗമാകും’–ജോണി നെ ല്ലൂർ പറഞ്ഞു.

ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനിൽക്കെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷനൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം.

കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പാർട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്.

Related posts

Leave a Comment