കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകം നടന്ന് ഒരു വർഷം ആകുമ്പോൾ ഇതുവരെ സംസ്കാര ചടങ്ങുകൾ നടത്താനാകാതെ കുടുംബം.

കേസിന്റെ വിചാരണ പൂർത്തിയാകാതെ മൃതദേഹ ഭാഗങ്ങള്‍ വിട്ടുനൽകാനാകില്ലെന്ന സാഹചര്യത്തിലാണിത്. പ്രതിക്ക് വധശിക്ഷ ലഭിച്ചതിനു ശേഷം മാത്രമേ താൻ മകളുടെ അന്ത്യകർമങ്ങൾ നടത്തൂ എന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വോൾക്കർ അറിയിച്ചു.

കഴിഞ്ഞ വർഷം മെയ് 18നാണ് ശ്രദ്ധയെ ലിവ്–ഇൻ–പാർടനറായ അഫ്താബ് അമിൻ പൂനാവല കൊലപ്പെടുത്തിയത്.മകളുടെ മരണത്തിൽ അഫ്താബിന്റെ മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് വികാസ് ആരോപിച്ചു.

ഇതുവരെ അവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അവർ ഒളിവിലാണ്. എവിടെയാണ് അവരെന്ന് കണ്ടെത്തണമെന്നും വികാസ് ആവശ്യപ്പെട്ടു. അഫ്താബ് കുറ്റക്കാരനാണ്.

അവന് വധശിക്ഷ ലഭിക്കണം. അന്വേഷണത്തിൽ വീഴ്ച പറ്റിയതുകൊണ്ടാണ് കേസ് ഇത്രയും വൈകുന്നത്. കേസിന്റെ അതിവേഗ നടപടികൾക്ക് അപ്പീൽ നൽകുമെന്ന് വികാസ് പറഞ്ഞു.

മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ വച്ചാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. വാഗ്വാദത്തെത്തുടർന്നായിരുന്നു ഇത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു.

പിന്നീട് ദിവങ്ങൾകൊണ്ട് ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചു. മഹാരാഷ്ട്രയാണ് ഇവരുടെ സ്വദേശം. അന്യമതസ്ഥനുമായുള്ള ബന്ധത്തെ ശ്രദ്ധയുടെ കുടുംബം എതിർത്തിരുന്നു.

ഇതേത്തുടർന്നാണ് ഇവർ ഡൽഹിയിലേക്കു താമസം മാറിയത്. മേയ് ആദ്യവാരം ഡൽഹിയിൽ എത്തുകയായിരുന്നു ഇരുവരും. ശ്രദ്ധയെ കാണാനില്ലെന്ന പരാതി പിതാവ് ഒക്ടോബറിലാണ് മഹാരാഷ്ട്ര പൊലീസിനു നൽകുന്നത്.

പിന്നീട് പൊലീസ് അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയായിരുന്നു.

Related posts

Leave a Comment