ജാംഷെഡ്പുര്‍: മതപരമായ പതാകയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡിലെ ജാംഷെഡ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇതേതുടര്‍ന്ന് പോലീസ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചു. കദ്മ പോലീസ് സ്റ്റേഷന് പരിധിയില്‍ രാവിലെ പോലീസിന്റെ ഫ്ളാഗ് മാര്‍ച്ചും നടത്തി.
പതാകയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഞായറാഴ്ച ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറും തീവയ്പുമുണ്ടായി. ശാസ്ത്രിനഗറില്‍ രണ്ട് കടകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.
ശനിയാഴ്ച രാത്രി മുതലാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തത്. രാമ നവമി പതാകയില്‍ ഇറച്ചികഷണം വച്ചുകെട്ടിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.