‘ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു, ചെറിയ രീതിയില്‍ ഒരു ചടങ്ങ്’; സന്തോഷം പങ്കുവച്ച്‌ ദേവികയും വിജയ് മാധവും

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ . ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.

സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്.

ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് വിജയ് മാധവ്. ദേവികയെ വിവാഹം ചെയ്ത ശേഷമാണു വിജയ് കൂടുതല്‍ സുപരിചിതനാകുന്നത്.

വിവാഹ ശേഷം പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ താര ദമ്പതികള്‍

ഗര്‍ഭിണിയായതോടെയാണ് ദേവിക സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഗര്‍ഭിണി ആയതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഒടുവില്‍ കഴിഞ്ഞ മാസം ആദ്യമാണ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണി ആയത് മുതല്‍ എല്ലാ വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവച്ചിരുന്നു.

ആശുപത്രിയില്‍ നിന്നുള്ള വിശേഷങ്ങളും പ്രസവ ശേഷമുള്ള വിശേഷങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിനെ വിജയ് കുളിപ്പിക്കുന്നതും പാട്ട് പാടി കൊടുക്കുന്നതുമായ വീഡിയോകള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

ഞങ്ങളെ ഇത്രയുമധികം സ്‌നേഹിക്കുന്ന നിങ്ങളില്‍ നിന്നും കുഞ്ഞിനെ മറച്ചുവെക്കാന്‍ തോന്നിയില്ല. നിങ്ങള്‍ കണ്ണിടില്ലെന്ന് അറിയാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ ആദ്യമായി കുഞ്ഞിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

കുഞ്ഞിനെ ഇപ്പോള്‍ കാണിക്കണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും തങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിന്റെ 28 ചടങ്ങ് നടത്തിയതിന്റെ സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഇരുവരും. വീഡിയോ പങ്കുവച്ചാണ് ദേവികയും വിജയും ഈ വിശേഷം ആരാധകരെ അറിയിച്ചത്.

‘അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു. ചെറിയ രീതിയില്‍ വീട്ടില്‍ വെച്ച്‌ നടത്തിയ ഒരു ചടങ്ങാണ്. കുറച്ചു ബന്ധുക്കളും അടുത്തുള്ള സുഹൃത്തുക്കളും ദൈവാനുഗ്രഹം കൊണ്ട് എല്ലാം വളരെ നന്നായി കഴിഞ്ഞു.

എല്ലാരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും ഒരുപാടു സന്തോഷം’ എന്ന് കുറിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്.

ദേവികയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന് വിജയ് ചരട് കെട്ടികൊടുക്കുന്നതും സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാമായിരുന്നു. ചരട് കെട്ടുന്നതിനിടെ കുടുംബാംഗങ്ങള്‍ വിജയ്ക്ക് നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു.

കാലിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണ്ണാഭരണവും അണിയിച്ചിരുന്നു. കുഞ്ഞിന്റെ കരച്ചിലൊക്കെ അടക്കി കൊണ്ടാണ് ആഭരണങ്ങള്‍ എല്ലാം അണിയിച്ചത്.

ഇതുകൊണ്ട് എനിക്കൊരു ബിസിനസ് തുടങ്ങാനുണ്ടെന്നായിരുന്നു സ്വര്‍ണം മുഴുവന്‍ അണിയിച്ച ശേഷം വിജയുടെ കമന്റ്.

അതേസമയം, കുഞ്ഞിന്റെ പേര് ചോദിച്ചു കൊണ്ടാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. ആണ്‍ കുട്ടിയാണെന്ന് പറഞ്ഞെങ്കിലും ഇതുവരെ കുഞ്ഞിന്റെ പേര് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

മോന്റെ പേരെന്താണ്, അതെന്താണ് പറയാത്തത് എന്നൊക്കെയാണ് ആരാധകര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. വാവയുടെ പേര് പറഞ്ഞില്ലല്ലോ മാഷേ എന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു.

 

Related posts

Leave a Comment