സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല; മരണത്തിന് കാരണമായത് ഹൃദയാഘാതം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

കൊച്ചി: സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍.

കരള്‍ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് സുബിയുടെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം വ്യക്തമാക്കി.

സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി.

കരള്‍ മാറ്റിവയ്ക്കുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. കരള്‍ നല്‍കാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു.

ഇവരുടെ ടെസ്റ്റുകളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല.

ഇതിനിടെ സുബിയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതേ തുടര്‍ന്നായിരുന്നു സുബി മരിച്ചത്. അവയവമാറ്റ നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ശേഷം പിന്നീട് വേണ്ടെന്ന് വച്ചതായുള്ള പ്രതികരണങ്ങള്‍ സുബിയുടെ മരണ ശേഷം ഉയര്‍ന്നിരുന്നു.

Related posts

Leave a Comment