കൊച്ചി:സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി.
തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്.
മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോന്-അദിതി ദമ്ബതികള്‍ പറയുന്നു. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്.
ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്.
പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ കുഞ്ഞ് നിര്വാന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നല്‍കിയയാള്‍ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമില്‍ നിന്നറിയിച്ചത്- സാരംഗ് പറയുന്നു.