തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ രോഗം ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് രോഗം പിടിപെടാനിടയായ സാഹചര്യം പരിശോധിക്കും. കുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ഏപ്രില്‍ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.