മാന്നാര്‍: പരുമല ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗില്‍ നിര്‍മ്മിച്ച, 1500 ലിറ്റര്‍ പാല്പായസം തയ്യാറാക്കാന്‍ കഴിയുന്ന ഭീമന് വാര്‍പ്പ് പരുമലയില്‍ നിന്നു ഇന്ന് ഗുരുവായൂരിലെത്തും.
ശബരിമല, ഏറ്റുമാനൂര്‍, പാറമേല്‍ക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരങ്ങളുടെ മുഖ്യശില്പി
മാന്നാര്‍ പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന് ആചാരിയുടെയും (67) മകന് അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഭീമന് വാര്‍പ്പിനു രണ്ടേകാല്‍ ടണ്‍ ഭാരമുണ്ട്.
ജഗന്നാഥന്, രാജേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം തൊഴിലാളികള്‍ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള നാലുകാതന്‍ വാര്‍പ്പ് നിര്‍മ്മിച്ചത്.
ബഹ്റനിലെ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ്, ദുബായിലെ ഗോള്‍ഡന്‍ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് എന്നീ കമ്പനികളുടെ ഉടമയും തൃശൂര്‍ ചേറ്റുവ സ്വദേശിയുമായ എന്‍.ബി. പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി, പൂര്‍ണമായും ശുദ്ധമായ വെങ്കല പഴയോടില്‍ നിര്‍മ്മിച്ച വാര്‍പ്പ് വഴിപാടായി നല്‍കുന്നത്.
ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ അമ്പല നടയില്‍ വാര്‍പ്പ് സമര്‍പ്പിക്കും.
ആയിരം ലിറ്റര്‍ പാല്പായസം തയ്യാറാക്കാന്‍ കഴിയുന്ന രണ്ടുടണ്‍ ഭാരമുള്ള വലിയ വാര്‍പ്പ് അനന്തന് ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ നടയില്‍ സമര്‍പ്പിച്ചിരുന്നു.
തൃക്കാര്‍ത്തിക നാളില്‍ ചക്കുളത്ത് ഭഗവതിക്ക് ചാര്‍ത്തിയ അരക്കിലോയോളം തൂക്കമുള്ള തങ്കക്കിരീടവും ചുനക്കര മഹാദേവന് സമര്‍പ്പിച്ച തിരുവാഭരണവും പാറമേക്കാവിലെ കോമരത്തിന് സമര്‍പ്പിച്ച പള്ളിവാളും നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗിന്റെ കീഴില്‍
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കാനുള്ള തുലാഭാരത്തട്ടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്