തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറി പ്രവീണ്‍ റാണ.
ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിനാണ് പ്രവീണ്‍ റാണ അധികാരം കൈമാറിയത്. വിവിധ സ്റ്റേഷനുകളില്‍ പരാതികളെത്തുന്നതിന് മുൻപായിരുന്നു അധികാര കൈമാറ്റം.
പുതിയ തീരുമാനം ഡിസംബര്‍ 29ന് പ്രവീണ്‍ റാണ തല്‍സ്ഥാനത്തുനിന്ന് മാറിയത് നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണെന്നാണ് സൂചന. വിഷ്ണു അടക്കമുള്ളവരെ പ്രതി ചേര്‍ക്കാനൊരുങ്ങുകയാണ് പൊലീസ്.
വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന സ്റ്റാഫുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്‍മാട്ട്, പ്രജിത്ത് കൈപ്പുള്ളി, അനൂപ് വെണ്‍മേനാട് എന്നിവരെ പ്രതികളാക്കും.
അതേസമയം പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണ്.
റാണയുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടറുകളും കസ്റ്റഡിയില്‍ എടുത്തു. ഓഫീസുകളെല്ലാം അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇതോടെയാണ് പ്രവീണ്‍ റാണ ഒളിവില്‍പോയത്.
റെയ്ഡില്‍ റാണയുടെ നാലു വാഹനം പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. എറണാകുളത്തുനിന്ന് മൂന്നും , തൃശൂരില്‍നിന്ന് ഒരു കാറുമാണ് പിടിച്ചത്. ഒരു കോടി രൂപ വിലവരുന്ന റൂബികോണ്‍, പുതിയ മോഡല്‍ ബെന്‍സ്, കിയാ കാര്‍ണിവല്‍ എന്നീ കാറുകളാണ് എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂരില്‍നിന്ന് പഴയമോഡല്‍ കാറും പിടികൂടി. തിങ്കളാഴ്ച കണ്ണൂരിലെ ഓഫീസില്‍നിന്ന് കംപ്യൂട്ടറുകളും രേഖകളും ബ്രോഷറുകളും പിടികൂടിയിരുന്നു.