കഠിനംകുളത്തെ കൂട്ട ആത്മഹത്യ; ജീവനൊടുക്കാന്‍ കാരണം പലിശക്കാരുടെ ശല്യം

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ജീവനൊടുക്കിയത് പലിശക്കുരുക്കില്‍നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നെന്ന് പോലീസ്.
മരിച്ച രമേശന്‍ പലരില്‍നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു.

പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീടും സ്ഥലവും വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും നടന്നില്ല. വീടും സ്ഥലവും ഈട് കാണിച്ച്‌ പലിശക്കാര്‍ കേസിന് പോയി. ഇതിനു പിന്നാലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന രമേശന്‍ നാട്ടിലെത്തിയതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു.

രമേശന്‍, ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.

വീട്ടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ മൂവരേയും കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല.

കിടപ്പുമുറിയുടെ തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. രമേശനും സുലജ കുമാരിക്കും ഒരു മകന്‍ കൂടിയുണ്ട്. വ്യാഴാഴ്ച ഈ മകന്‍ വീട്ടിലുണ്ടായിരുന്നില്ല.

Related posts

Leave a Comment