സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്; പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം, നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്.

സമരത്തിന്‍്റെ ആദ്യപടിയായി നാളെ തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയുടെ തീരുമാനം. 2017ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.

വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു.

കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്‍മെൻറ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.

Related posts

Leave a Comment