മിന്നല്‍ ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്നു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് 2022 സെപ്റ്റംബര്‍ 23ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

ഇതിന്‍റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്.

അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.

സ്വത്ത് വിവരം ശേഖരിക്കുന്നതിന്‍റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാര്‍ക്കു കൈമാറാന്‍ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലാ റജിസ്ട്രാര്‍ ഇതു രജിസ്ട്രേഷന്‍ ഐജിക്കു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍മാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ ആരംഭിക്കും.പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമങ്ങളില്‍ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കണക്കാക്കുന്നത്.

ഈ തുക ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ ഡിസംബര്‍ 23ന് കോടതിയെ അറിയിച്ചു. ഇതനുസരിച്ചാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Related posts

Leave a Comment