“ഞാന്‍ വിരമിക്കുന്നില്ല;” ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം സന്തോഷം പങ്കുവച്ച്‌ മെസി

ദോഹ : അര്‍ജന്റീനയ്‌ക്കായി ലോക കിരീടം ചൂടിയ ശേഷം നിര്‍ണായക പ്രഖ്യാപനം നടത്തി ലയണല്‍ മെസി. താന്‍ വിരമിക്കുന്നില്ലെന്നും, അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക കിരീടം നേടിയതിന് പിന്നാലെയുള്ള ഈ പ്രഖ്യാപനം ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കി. ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മെസിയുടെ ഈ വാക്കുകള്‍ ആശ്വാസമേകി.

” ഇല്ല, അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു” മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോക കപ്പില്‍ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിര്‍ത്തില്ലെന്നുമാണ് താരം പറയുന്നത്.

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന മൂന്നാമത്തെ തവണ കപ്പുയര്‍ത്തിയത്.

2014ല്‍ കൈയ്യില്‍ നിന്ന് വഴുതിപ്പോയ ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് തന്നെയെത്തി. എക്സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് കിലിയന്‍ എംബാപ്പെക്ക് ലഭിച്ചു.

ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ചതിന്റെ എക്കാലത്തെയും റെക്കോര്‍ഡും മെസി സ്വന്തമാക്കി.

Related posts

Leave a Comment