കടലാസിന്റെ വിലപോലുമില്ലാത്ത വ്യാജ ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍; ഫാഷന്‍ രംഗത്തെ പുതിയ തട്ടിപ്പില്‍ കുരുങ്ങിയത് നിരവധി മോഡലുകള്‍

കൊച്ചി: കൊച്ചി കേന്ദ്രീകൃതമായ ഫാഷന്‍ ഷോകളിലെ തട്ടിപ്പുകളും അക്രമങ്ങളും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിറയുന്നത്.

ഇപ്പോഴിതാ വ്യാജ ലോക റെക്കോര്‍ഡിന്‍റെ കൂട്ടുപിടിച്ച്‌ ഫാഷന്‍ റാംപില്‍ മോഡലിങ് കമ്പനികള്‍ നടത്തിയ പുത്തന്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

മത്സരാര്‍ഥികളായ മോഡലുകളില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം വാങ്ങി സംഘാടകര്‍ നല്‍കിയത് കടലാസിന്‍റെ വിലപോലുമില്ലാത്ത ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍.

ഷോ സംഘടിപ്പിച്ച എറണാകുളത്തെ ഫ്രന്‍ഡ്സ് ആന്‍‍ഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കും. എഫ് ആന്‍ഡ് ബിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള ലോക തട്ടിപ്പ് ഫാഷന്‍ ഷോകള്‍ നടന്നത്.

യൂണിവേഴ്സല്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കുട്ടി മോഡലുകളടക്കം തട്ടിപ്പിനിരയായതായി പരാതിയില്‍ പറയുന്നു.

പെണ്‍ക്കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കാര്യമായ നടപടികളും ഉണ്ടാകാറില്ല. മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തി കൈമാറുന്ന സംഘങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഓടുന്ന കാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പിന്നില്‍ ഇത്തരം റാക്കറ്റിന്റെ സാന്നിധ്യം വ്യക്തമായതോടെയാണ് അന്വേഷണം.

ഈ കേസിലെ പ്രതികളായ വിവേക്, നിഥിന്‍, സുദീപ്, ഡിംപിള്‍ ലാംബ എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങളും ലഭിച്ചിരുന്നു.

കൊച്ചി പീഡന കേസിലെ പ്രതി ഡിംപിള്‍ ലാംബ സമാനമായ രീതിയില്‍ മുന്‍പും പെണ്‍കുട്ടികളെ ബാറുകളില്‍ എത്തിച്ചു മദ്യം നല്‍കി പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയതായും സൂചനകളുണ്ടായിരുന്നു.

Related posts

Leave a Comment