ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും; പവിഴമല്ലി വീണ്ടും പൂത്തുലയും; ശ്രീനിയോടൊപ്പം സ്വന്തം സത്യന്‍

അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നില്‍ക്കുകയാണ് നടന്‍ ശ്രീനിവാസന്‍.

മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനില്‍ക്കല്‍ വലിയ ദുഃഖമാണ്. എന്നാല്‍ തങ്ങളുടെ പ്രിയ നടന്‍ വീണ്ടും ക്യാമറയ്‌ക്ക് മുന്നില്‍ എത്തുന്നു എന്ന വാര്‍ത്ത ഹൃദയം കൊണ്ടാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്.

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും.

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്ന് സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറുക്കന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,

‘മഴവില്‍ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു. “ഞാന്‍ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു”.

ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച്‌ ഞാന്‍ പറഞ്ഞു,”ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും.

പവിഴമല്ലി വീണ്ടും പൂത്തുലയും”. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്ബ് ശ്രീനി അഭിനയിക്കുന്ന’കുറുക്കന്‍’ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി.

ശ്രീനി പഴയ ശ്രീനിയായി മാറി; എല്ലാ അര്‍ത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികില്‍നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.

സ്നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു’.

Related posts

Leave a Comment