മേയറുടെ ഓഫീസിനടുത്തായി വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീകളെ കണ്ടപ്പോള്‍ എസ് ഐക്ക് സംശയം, പൊലീസിനെ വെള്ളം കുടിപ്പിച്ച്‌ മഹിളാമോര്‍ച്ച നേതാക്കള്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയിലെ പ്രതിഷേധത്തിന് അയവില്ല. ഇന്നലെ മഹിളാമോര്‍ച്ചയും യു.ഡി.എഫും നഗരസഭയില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംഘര്‍ഷത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

രാവിലെ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയ്ക്കു ശേഷമാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്. മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു.

ഇതിനിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യാജേന മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.എസ്.ബീന,സ്വപ്ന എന്നിവര്‍ പിറകുവശത്തെ ഗേറ്റ് വഴി മേയറുടെ ഓഫീസ് മുറിയുടെ അടുത്തെത്തി.

സംശയം തോന്നിയ വനിത എസ്.ഐ പ്രീത ബാബു പ്രവര്‍ത്തകരെ തടഞ്ഞു.

തുടര്‍ന്ന് കൈയിലുണ്ടായ പേപ്പര്‍ വലിച്ചെറിഞ്ഞ് മേയറുടെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞ് താഴത്തെ നിലയിലെത്തിച്ചു. ആ സമയം ഓഫീസില്‍ മേയറുണ്ടായിരുന്നില്ല.

പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്, വനിതാ എസ്.ഐ പ്രതീയുടെ ദേഹത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എസ്.ഐയും പ്രവര്‍ത്തകയും തറയില്‍ വീണു.

ശ്വാസതടസം അനുഭപ്പെട്ട എസ്.ഐയെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറസ്റ്റുചെയ്ത മൂന്ന് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.

മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണയ്ക്ക് നേതാക്കളായ രാകേന്ദു ,ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി.ബി.ജെ.പി നേതാക്കളും പൊലീസും തമ്മില്‍ കൈയാങ്കളി.

നഗരസഭയ്ക്ക് പുറത്ത് ബി.ജെ.പി കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ ഇന്നലെ കൈയാങ്കളിയുണ്ടായി.

മേയറുടെ ചേംബറിലെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വാഹനം തടഞ്ഞു.

പ്രവര്‍ത്തകരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വാഹനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിക്കുകയും തുറക്കാന്‍ ശ്രമിക്കുയും ചെയ്തു. പ്രവര്‍ത്തകരെ പിന്തരിപ്പിക്കുന്നതിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായത്.

അവിടെയെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സംഭവത്തില്‍ ഇടപ്പെട്ടു.  പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ ജില്ലാ പ്രസിഡന്റിനെയും പിടിച്ചുതള്ളി.

തുടര്‍ന്ന് വലിയ രീതിയിലുള്ള കൈയാങ്കളിയുണ്ടായതോടെ കൻറോണ്‍മെന്റ് സി.ഐ ഷാഫിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തി.

പ്രവര്‍ത്തകരെ അനുനയിപ്പിച്ച്‌ പിന്തിരിപ്പിച്ചു. കൈയാങ്കളിയില്‍ വനിത സി.പി.ഒ അമൃതയ്ക്ക പരിക്കേറ്റു.

Related posts

Leave a Comment