ആലുവ: 108 കോടിയിലധികം രൂപയും 1300 പവനും ഒന്നരക്കോടിയോളം രൂപ വിലവരുന്ന ആഡംബരകാറും തട്ടിയെടുത്തതായി മരുമകനെതിരെ പ്രവാസിയുടെ പരാതി.
ആലുവ തൈനോത്തില്‍ റോഡില്‍ താമസിക്കുന്ന അബ്ദുള്‍ ലാഹിര്‍ ഹുസൈനാണ് കാസര്‍കോട് ചെര്‍ക്കളം സ്വദേശിയായ മുഹമ്മദ് ഹഫീസി (28)നെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പരാതിയുടെ അന്വേഷണച്ചുമതല ഡിവൈ.എസ്.പി പി. രാജീവിന് കൈമാറിയിട്ടുണ്ട്. 2018ലായിരുന്നു മുഹമ്മദ് ഹഫീസും അബ്ദുള്‍ ലാഹിര്‍ ഹുസൈന്റെ മകളുമായുള്ള വിവാഹം.
1300 പവന് സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം രൂപ വിലവരുന്ന റേഞ്ച് റോവറും സ്ത്രീധനമായി നല്കി. കാസര്‍കോട്, മംഗലാപുരം മേഖലയില്‍ കുദ്രോളി ബില്‍ഡേഴ്സ് എന്ന പേരില്‍ പിതാവ് മുഹമ്മദ് ഷാഫിക്കൊപ്പം കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയായിരുന്നു മുഹമ്മദ് ഹഫീസ്.
ദുബായില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയാണ് അബ്ദുള്‍ ലാഹിര്‍ ഹുസൈന്. പ്രതിയുമായുള്ള മകളുടെ വിവാഹ മോചന നടപടികള്‍ പുരോഗമിക്കുകയാണ്.
ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതി. പല ഭാഗങ്ങളിലായി സ്ഥലവും കെട്ടിടങ്ങളും വാങ്ങിയതിന്റെ വ്യാജ രേഖകള്‍ കാണിച്ചാണ് പണം വാങ്ങിയത്.
കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നതിനാല്‍ പിഴയടയ്ക്കാനെന്ന പേരില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന് തുടക്കം. ബംഗളൂരു ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയെങ്കിലും നല്‍കിയത് വ്യാജരേഖകളായിരുന്നു.
രാജ്യാന്തര ഫുട് വെയര്‍ ബ്രാന്‍ഡ് ഷോറൂം, കിഡ്സ് വെയര്‍ ശൃംഖല എന്നീ മേഖലകളില്‍ പണം മുടക്കാനെന്ന പേരിലും പണം തട്ടി.
ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവഴിച്ച് വസ്ത്രം ഡിസെന് ചെയ്യിച്ച് ബുട്ടീക്ക് ഉടമയായ ഭാര്യാ മാതാവിനെ കമ്പളിപ്പിച്ചു.
മകള്‍ക്ക് വിവാഹ സമ്മാനമായി നല്കിയ 1300 പവന് സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ പ്രതി വിറ്റു. കൊച്ചിയില്‍ മീഡിയ ഏജന്‍സി നടത്തിയിരുന്ന സുഹൃത്ത് അക്ഷയ് തോമസ് വൈദ്യനുമായി ചേര്‍ന്നായിരുന്നു തട്ടിപ്പെന്നും പരാതിയിലുണ്ട്.
മുഹമ്മദ് ഹഫീസും മാതാപിതാക്കളുമാണ് ആദ്യ മൂന്നു പ്രതികള്‍. വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ച അക്ഷയ് തോമസ് വൈദ്യനാണ് നാലാം പ്രതി.
അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയെങ്കിലും ഗോവ ഹൈക്കോടതിയില്‍ നിന്ന് മുഹമ്മദ് ഹഫീസ് ട്രാന്‍സിറ്റ് ജാമ്യം നേടിയതിനാലാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി ‘കേരളകൗമുദി’യോട് പറഞ്ഞു.