ശ്രദ്ധയോട് അടുപ്പമില്ലെന്ന് അഫ്താബ്; ഫോണും തലയോട്ടിയും എവിടെ

ന്യൂഡൽഹി ∙ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുൻപിൽ വെല്ലുവിളികളേറെ.

കൊലപാതകം നടന്ന് ആറുമാസത്തിനേറെ ആയതിനാൽ കേസിലെ വിവിധ കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ പൊലീസിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. പ്രതി അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

ശ്രദ്ധയുടെ ശരീരഭാഗങ്ങൾ‍ അഫ്താബ് വലിച്ചെറിഞ്ഞു എന്നു പറയുന്ന കാട്ടിൽനിന്ന് 13 എല്ലുകളാണ് പൊലീസ് കണ്ടെടുത്തത്. ശ്രദ്ധയുടെ തലയോട്ടി ഇനിയും ലഭിച്ചിട്ടില്ല.
കണ്ടെടുത്ത എല്ലുകൾ ശ്രദ്ധയുടേതു തന്നെയാണോ എന്ന് അറിയാൻ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയും പരിശോധനയ്ക്കായി അയച്ചു.

രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാൻ ശ്രദ്ധയുടെ പിതാവിന്റെ ഡിഎൻഎ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതൽ ശരീര ഭാഗങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

പ്രദേശത്തെ മിക്ക സിസിടിവി ദൃശ്യങ്ങളും 15 ദിവസം മാത്രമാണ് സൂക്ഷിച്ചു വയ്ക്കുക. ഇവിടെ പൊലീസിന് ആവശ്യം ആറു മാസം മുൻപുള്ള സിസിടിവി ദൃശ്യങ്ങളാണ്.

ശ്രദ്ധയുടേതെന്നു കരുതുന്ന ഒരു ബാഗ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ശ്രദ്ധയുടെ വീട്ടുകാർ തിരിച്ചറിയണം. ശ്രദ്ധയുടെ മൊബൈൽ ഫോണും കൊലപാതകം നടന്ന ദിവസം ശ്രദ്ധയും അഫ്താബും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്താനുണ്ട്.

മാലിന്യങ്ങളുമായി പോയ ഒരു വാഹനത്തിലാണ് വസ്ത്രങ്ങൾ വലിച്ചെറിഞ്ഞതെന്നാണ് അഫ്താബിന്റെ മൊഴി. ശ്രദ്ധയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനു പിന്നാലെ മഹാരാഷ്ട്ര പൊലീസ് അഫ്താബുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ താനും ശ്രദ്ധയുമായി ഇപ്പോൾ അടുപ്പമൊന്നും ഇല്ലെന്നാണ് അഫ്താബ് പൊലീസിനോടു പറഞ്ഞത്. ഡൽഹി പൊലീസിനോടും ശ്രദ്ധ മേയ് 22ന് ഫ്ലാറ്റ് വിട്ടെന്നും ഇപ്പോൾ ബന്ധമില്ലെന്നും ആവർത്തിച്ചു.

മേയ് 26ന് ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 54,000 രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.ഇത് ഇവർ താമസിച്ചിരുന്ന ഛത്താർപുർ പ്രദേശത്തുനിന്നാണ്.

ശ്രദ്ധ ഫോണുമായാണ് പോയതെന്നാണ് അഫ്താബ് പൊലീസിനോടു പറഞ്ഞത്. മേയ് 31ന് ഇതേ പ്രദേശത്തുനിന്ന് ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായും പോലീസ് കണ്ടെത്തി.

Related posts

Leave a Comment