ഇടുക്കിയില്‍ വീണ്ടും ഭൂചലനം

ചെറുതോണി
ഇടുക്കിയില്‍ ബുധനാഴ്ച വീണ്ടും ഭൂചലനം. രാവിലെ 7.44 നും 8.30 നുമാണ്‌ ഭൂചലനങ്ങള്‍ ഉണ്ടായത്‌. ആദ്യത്തേത് റിക്ടര്‍ സ്കെയിലില്‍ 1.5ഉം രണ്ടാമത്തേത്‌ 0.93 രേഖപ്പെടുത്തി.

ഫെബ്രുവരി 27നാണ്‌ ഇടുക്കിയിലായിരുന്നു ആദ്യ ഭൂചലനം. അര മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട്‌ ചലനമുണ്ടായി. തുടര്‍ന്ന്‌ ഈ മേഖലയില്‍ മാര്‍ച്ച്‌ ഒന്നുവരെ നാലുദിവസത്തില്‍ അഞ്ച്‌ ഭൂചലനങ്ങള്‍ ഉണ്ടായി. രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ രണ്ടു ഭൂചലനംകൂടി അനുഭവപ്പെട്ടത്‌.

ഒരു വലിയ ചലനമുണ്ടായാല്‍ ചെറുചലനങ്ങള്‍ തുടരുന്നത് സാധാരണമാണെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ എസ് സുപ്രിയ ദേശാഭിമാനിയോട് പറഞ്ഞു. നിലവില്‍ ഡാമിന് ഒരുവിധ സുരക്ഷാഭീഷണിയും ഇല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനം പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഡാം സുരക്ഷാ വിഭാഗം കേന്ദ്ര ജലകമീഷന്‌ കത്തുനല്‍കി. കേന്ദ്ര ജലകമീഷന് കീഴിലുളള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംഘം ഉടന്‍ എത്തുമെന്ന് ചീഫ്‌ എന്‍ജിനിയര്‍ പറഞ്ഞു.

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലും വൃഷ്ടി പ്രദേശത്തും സൂക്ഷ്മമായ നിരീക്ഷണം തുടരുന്നതായി റിസര്‍ച്ച്‌ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അലോഷി പോള്‍ പറഞ്ഞു.

Related posts

Leave a Comment