ബസ് സ്റ്റാന്‍ഡിലിരുന്ന് പോലീസിനെ പച്ചത്തെറി വിളിച്ചു; കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ കൊല്ലം സ്വദേശിയെ നിമിഷങ്ങള്‍ക്കകം തൂക്കിയെടുത്ത് പോലീസ്

മലപ്പുറം: ബസ് സ്റ്റാന്‍ഡിലിരുന്ന് പോലീസിനെ തെറിവിളിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍ പിള്ളയാണ് പിടിയിലായത്. മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡിലിരുന്ന് കേട്ടാലറയ്‌ക്കുന്ന തെറിയാണ് ഇയാള്‍ പോലീസിനെ വിളിച്ചത്.

സംഭവമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.ഒരാഴ്‌ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നായിരുന്നു ബസ് സ്റ്റാന്‍ഡിലെ പരാക്രമം.

ബസ് സ്റ്റാന്‍ഡില്‍ കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പോലീസിനെ അധിക്ഷേപിച്ച്‌ സംസാരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. പിന്നാലെ വേങ്ങര പോലീസ് സ്വമേധയാ കേസെടുത്തു അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ച്‌ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ പിടികൂടുകയായിരുന്നു.

വേങ്ങര കേന്ദ്രീകരിച്ച്‌ കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് വേങ്ങര സി.ഐ വ്യക്തമാക്കി. ഇത് കൂടാതെ മൂന്ന് കളവ് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ മധുസൂദനന്‍പിള്ള 35 വര്‍ഷമായി മലപ്പുറത്താണ് താമസം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment