കാമുകിയുടെ വീട്ടില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ നീല നിറത്തിലുള്ള ദ്രാവകം ഛര്‍ദിച്ചു, വായിക്കുള്ളില്‍ വ്രണങ്ങള്‍, ആന്തരികാവയവങ്ങള്‍ ദ്രവിച്ചു; യുവാവിന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനായ യുവാവ് മരിച്ചു. പാറശ്ശാല മുര്യങ്കര ജെ പി ഹൗസില്‍ ജയരാജന്റെ മകന്‍ ഷാരോണ്‍ രാജ് (23) ആണ് മരിച്ചത്.

ഈ മാസം പതിനാലാം തീയതി യുവാവും സുഹൃത്തും കാമുകിയുടെ വീട്ടില്‍ പോയിരുന്നു.

സുഹൃത്തിനെ പുറത്തുനിര്‍ത്തി ഷാരോണ്‍ തനിച്ചാണ് വീടിനകത്തേക്ക് പോയത്. കുറച്ച്‌ കഴിഞ്ഞ് ഷാരോണ്‍ തിരിച്ചുവന്നപ്പോള്‍ കാമുകി തന്ന ജ്യൂസ് കുടിച്ചെന്നും പിന്നാലെ ഛര്‍ദിച്ചെന്നും അവശനിലയിലായ തന്നെ വീട്ടിലെത്തിക്കണമെന്നും സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.

പുറത്തുപോയിരുന്ന അമ്മ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിച്ച്‌ അവശനിലയില്‍ കിടക്കുകയായിരുന്നു ഷാരോണ്‍. ഉടന്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രാത്രിയോടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു,

പിറ്റേന്ന് രാവിലെ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, വെള്ളംപോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയായി. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ വൃക്കകളുടെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി. മൂന്ന് തവണയാണ് യുവാവിനെ ഡയാലിസിസിന് വിധേയനാക്കിയത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റി. ഒടുവില്‍ മരണം സംഭവിക്കുകയായിരുന്നു.

ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ ദ്രവിച്ചുപോയി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. നീല നിറത്തിലുള്ള ദ്രാവകമാണ് യുവാവ് ഛര്‍ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

Related posts

Leave a Comment