പട്ടാമ്പി കരിമ്പുള്ളിയിലെ വീട് ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ സമാനമായി വളഞ്ഞത് അര്‍ദ്ധ രാത്രി; വാതില്‍ ചവിട്ടി തുറന്ന് കയറിയവര്‍ക്ക് കിട്ടിയത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ; കൃത്യമായ വിവരശേഖരണത്തില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറിയും അറസ്റ്റില്‍; റൗഫിനെ പിടികൂടിയത് ആഴ്ചകളുടെ ഓപ്പറേഷന് ശേഷം

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ ഐ എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷന്‍. പൊലീസ് പോലും ഈ നീക്കം അറിഞ്ഞില്ലെന്നാണ് സൂചന. ഒളിവില്‍ പോയ റൗഫിനെ കുടുക്കാന്‍ പ്രത്യേക പദ്ധതി കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു.

തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ എന്‍ഐഎ റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു. സത്താറിനെ നേരത്തെ പിടികൂടിയിരുന്നു. കൊല്ലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു സത്താറിന്റെ അറസ്റ്റ്. പിന്നാലെ റൗഫും കുടുങ്ങുന്നു.

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും റൗഫിന് പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലുരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ റൗഫിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. അവിടെയാകും വിശദ ചോദ്യം ചെയ്യല്‍.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്ത 18 േപര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തുമ്പോള്‍ ചര്‍ച്ചയാക്കുന്നത് പഴയ കേസുകള്‍ പലതും. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസ്സില്‍ ഭീതി വിതച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരും. വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കള്‍ക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി 120 കോടി രൂപ അക്കൗണ്ട് മാര്‍ഗം കൈമാറിയിട്ടുണ്ടെന്നാണ് ആരോപണം. തങ്ങള്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐയുടെ നിലപാട്. എന്നാല്‍ ഇത് കേന്ദ്ര ഏജന്‍സി അംഗീകരിക്കുന്നില്ല.

സംഘടനയെ നിരോധിക്കുന്നതിന് 2017 ല്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ ‘ഹോട്ടല്‍ ബില്ലില്‍’ നിന്നാണെന്നാണ് പുറത്തു വരുന്ന സൂചന. 2020-ല്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് ഹോട്ടലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ 29 ലക്ഷംരൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടില്‍നിന്നാണ് അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്. കാമ്ബസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയതില്‍ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകള്‍ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടില്‍ 1.35 കോടി രൂപ 2018-2020 കാലയളവില്‍ ഉണ്ടായിരുന്നു. വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുള്‍പ്പെടെയായിരുന്നു ഇത്. 2020 ഏപ്രില്‍-ജൂണ്‍ മാസത്തിലാണ് നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവര്‍ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകള്‍പ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ റൗഫിന്റെ പേരില്‍ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാത്രമല്ല 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കോവിഡ് മൂര്‍ധന്യത്തിലായിരുന്നതിനാല്‍ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. റൗഫിന്റെ മറ്റൊരു അക്കൗണ്ടില്‍ 2019-20 കാലയളവില്‍ 67 ലക്ഷം രൂപയുണ്ടായിരുന്നു. ഇതില്‍നിന്ന് മേയില്‍ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറില്‍ 16 ലക്ഷം രൂപ ദോഹയില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടില്‍ 2020-ല്‍ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുള്‍പ്പെടെ സംശയിച്ചാണ് അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.

Related posts

Leave a Comment