‘സിനിമയില്‍ ആരും ആരെയും വിലക്കേണ്ട’ യെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാര്‍ശ

തിരുവനന്തപുരം : ചലച്ചിത്ര രംഗത്തുള്ളവര്‍ ആ മേഖലയില്‍ മറ്റാരെയും വിലക്കാന്‍ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പറയുന്നു.

ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്, വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി കമ്മിറ്റിയുടെ നാല്‍പതോളം നിര്‍ദേശങ്ങളാണ് ചലച്ചിത്ര സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു മുന്നോടിയായി സര്‍ക്കാര്‍ വിതരണം ചെയ്ത കുറിപ്പിലുള്ളത്. ഇവ പലതും അവ്യക്തവും നടപ്പാക്കുന്നത് എങ്ങനെയെന്നു ധാരണ ഇല്ലാത്തവയുമാണെന്ന് ആക്ഷേപമുണ്ട്.

സിനിമയില്‍ എഴുതിത്തയാറാക്കിയ കരാര്‍ വേണം, കേരള സിനി എംപ്ലോയേഴ്സ് ആന്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ആക്‌ട് നടപ്പാക്കണം, ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം, നിര്‍മാതാവായി റജിസ്റ്റര്‍ ചെയ്യാതെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആളുകളെ ഓഡിഷനു വിളിക്കരുത്, സമൂഹ മാധ്യമങ്ങളിലൂടെ വനിതകളെ ശല്യപ്പെടുത്തരുത്, ഫാന്‍ ക്ലബ്, സമൂഹ മാധ്യമം തുടങ്ങിയവ ഉപയോഗിച്ച്‌ വനിതകളെ നേരിട്ടോ അല്ലാതെയോ പീഡിപ്പിക്കരുത്. അസി.ഡയറക്ടര്‍മാര്‍ക്കു മിനിമം വേതനം നല്‍കണം, ലിംഗസമത്വം സംബന്ധിച്ച്‌ ഓണ്‍ലൈന്‍ പരിശീലനം നല്‍കണം, അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ദിനബത്ത നല്‍കണം, ഹെയര്‍ സ്റ്റൈലിസ്റ്റുകളെ ചീഫ് ടെക്നീഷ്യന്‍മാരായി കണക്കാക്കണം, വനിതകള്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കു ധനസഹായം നല്‍കണം, വനിതാ നിര്‍മാതാവിന്റെ മികച്ച ചിത്രത്തിന് അവാര്‍ഡ് നല്‍കണം, വനിതകള്‍ക്കു പ്രാധാന്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു തിയറ്റര്‍ സൗകര്യം ഒരുക്കണം തുടങ്ങിയവയാണു മറ്റു നിര്‍ദേശങ്ങള്‍.

Related posts

Leave a Comment